ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകം; വിചാരണ 3 ന്‌ തുടങ്ങും

0
129

കാഞ്ഞങ്ങാട്‌ കല്ലൂരാവി പഴയ കടപ്പുറത്തെ ഡിവെെഎഫ്‌ഐ പ്രവർത്തകൻ ഔഫ്‌ അബ്ദുൽറഹ്‌മാനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസർകോട്‌ അഡീഷണൽ സെഷൻസ്‌ (രണ്ട്‌) കോടതിയിൽ നവംബർ മൂന്നിന്‌ തുടങ്ങും. പ്രതികളോട്‌ കഴിഞ്ഞ 20ന്‌ ഹാജരാകാൻ കോടതി സമൻസ്‌ അയച്ചുവെങ്കിലും ഹാജരായില്ല. പ്രധാന സാക്ഷികളെ വിസ്‌തരിക്കുന്നതുവരെ ജില്ലയിൽ പ്രവേശിക്കരുത്‌ എന്ന ജാമ്യനിബന്ധന നീക്കാൻ പ്രതികൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പരിഗണിച്ചില്ല.

2020 ഡിസംബർ 23ന് രാത്രി പത്തരയോടെ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ഔഫിനെ കല്ലൂരാവി മുണ്ടത്തോട്ട്‌ വഴിയിൽ ഒളിഞ്ഞിരുന്ന മുസ്ലിം ലീഗ്‌ പ്രവർത്തകർ തടഞ്ഞുനിർത്തി കുത്തിക്കൊല്ലുകയായിരുന്നു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (29), യൂത്ത് ലീഗ് പ്രവർത്തകരായ തലയില്ലത്ത്‌ ഹസൻ(30), മുണ്ടത്തോട്‌ ഹാഷിർ(27) എന്നിവരാണ്‌ പ്രതികൾ.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ദാമോദരന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷിച്ചത്‌.

101 സാക്ഷികളുടെ വിവരങ്ങൾ, അന്വേഷണ സംഘം കണ്ടെടുത്ത 43 തൊണ്ടിമുതലുകൾ, ചികിത്സാരേഖകൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ, ഫോൺ കോൾ രേഖകൾ, കണ്ണൂർ റീജണൽ ലാബിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അടക്കം 42 രേഖകൾ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹോസ്‌ദുർഗ്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ക്രൈംബ്രാഞ്ച്‌ സമർപ്പിച്ചിരുന്നു. ഇവയൊക്കെ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിക്ക്‌ കൈമാറി.