പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

0
64

ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലൊടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുമുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴയില്ല. നീരൊഴുക്ക് കാര്യമായി കുറഞ്ഞു. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് ഇതേ അളവില്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 138 അടിയില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഡാമില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ കേരളം വീണ്ടും ആവശ്യപ്പെട്ടിരുന്നു..