കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ലോഗ് ഷീറ്റ് മറച്ചുവച്ച് ബസ് സർവീസ് നടത്തിയ ഡ്രൈവർ അനിൽകുമാറിന് സസ്പെൻഷൻ. നെടുമങ്ങാട് ഡി.ടി.ഒയുടെ അന്വേഷണ റിപ്പോർട്ടിൻമേൽ കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടറുടേതാണ് നടപടി.
ഓഗസ്റ്റ് 22 ന് രാവിലെ 7ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പുറപ്പെട്ട ബസാണ് ഡ്രൈവർ തന്നിഷ്ടം കണക്കേ മാറ്റി ഓടിച്ചത്. മെക്കാനിക്കൽ വിഭാഗം പരിശോധിച്ച് ഡിപ്പോ വെഹിക്കിൾ സൂപ്പർ വൈസർ അനുവദിച്ച ആർ.എ.ഇ 332 -ാം നമ്പർ ബസിന് പകരം തന്നിഷ്ടപ്രകാരം ആർ.എസ്.കെ 329-ാം നമ്പർ ബസ് സർവീസിന് ഉപയോഗിച്ചുവെന്നും, പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ യാത്രക്കാരെ നിറച്ച് പാർക്ക് ചെയ്തിരുന്ന 329-ാം നമ്പർ ആറ്റിങ്ങൽ ബസിന് പകരം പ്ലാറ്റ് ഫോം നമ്പർ 7 ൽ അനധികൃതമായി ബസ് പിടിച്ച് യാത്രക്കാരെ കയറ്റാതെ ആറ്റിങ്ങലിലേക്ക് സർവീസ് നടത്തിയെന്നുമാണ് ഡ്രൈവർക്കെതിരായ ആരോപണം.
ഇതേത്തുടർന്ന്, ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പാർക്ക് ചെയ്തിരുന്ന ബസ് ഒരു മണിക്കൂർ വൈകിയാണ് സർവീസ് നടത്തിയത്. ബസ് പിടിച്ച യാത്രക്കാർ ഡ്രൈവറുടെ തന്നിഷ്ടം കാരണം പെരുവഴിയിലായത് സംബന്ധിച്ച് തൊട്ടടുത്ത ദിവസം ‘കേരളകൗമുദി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണത്തിൽ ലോഗ് ഷീറ്റ് സ്റ്റേഷൻ മാസ്റ്ററെയോ, കണ്ടക്ടറെയോ കാണിക്കാതെ ഡ്രൈവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. കൃത്യനിർവഹണത്തിലെ ഗുരുതരമായ വീഴ്ചയ്ക്കും കൃത്യവിലോപത്തിനും ചട്ടലംഘനത്തിനും കേരള സിവിൽ സർവീസ് ആക്ട് ചട്ടം 10 പ്രകാരമാണ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തതെന്ന് വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡ് ഉടൻ തിരിച്ചേൽപ്പിക്കണമെന്നും ഡ്രൈവർക്ക് നിർദേശം നൽകിയിട്ടുണ്ട്