ചുട്ടുപഴുത്ത ലാവ അറ്റ്‌ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു

0
42

സ്‌പെയിനിലെ കാനറി ദ്വീപില്‍ വീടുകളും റോഡും തകര്‍ത്ത് മുന്നേറുന്ന അഗ്‌നിപര്‍വത ലാവാ പ്രവാഹം കടലിലെത്തി. ലാ പാല്‍മ ദ്വീപിലെ പ്ലായാ ദുയേവയിലാണ് ലാവാ പ്രവാഹം കടല്‍ തൊട്ടത്. ചുട്ടുപഴുത്ത ലാവ അറ്റ്‌ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. തിളയ്ക്കുന്ന ലാവ കടല്‍വെള്ളം തൊട്ടതിനെ തുടര്‍ന്ന് ഇവിടെ വലിയ പുകച്ചുരുളുകള്‍ ഉയരുകയാണ്. വലിയ സ്‌ഫോടനങ്ങള്‍ക്ക് ഇത് കാരണമാവുമെന്ന ആശങ്കയുണ്ട്. അതോടൊപ്പം വിഷവാതകങ്ങള്‍ വ്യാപകമായി പുറത്തുവിടാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലിലെ ജീവജാലങ്ങള്‍ക്കും സമീപവാസികള്‍ക്കും ഇത് വലിയ ദുരന്തമുണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സമീപവാസികള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.