സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിടെയാണ് 50കാരനായ ബൈഹാന്‍ മുട്ട്ലുവിനെ കാണാതാകുന്നത്. ടര്‍ക്കിഷ് നഗരമായ ഇനിഗോളിലാണ് സംഭവം. മദ്യപിച്ചിരിക്കുന്നതിനിടെ വനത്തിനുള്ളിലേക്ക് പോകുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്കി.
മുട്ട്ലുവിനെ കാണാതായതോടെ തിരച്ചിലിനായി രക്ഷാപ്രവര്‍ത്തകരെത്തി. ബര്‍സ പ്രദേശത്ത് തിരച്ചിലും ആരംഭിച്ചു. മുട്ട്ലുവിനെ വനത്തില്‍ കാണാതായെന്ന വിവരം പരന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും തിരച്ചിലിനിറങ്ങി.
മുട്ട്ലുവിനെ അവസാനമായി കണ്ട വനപ്രദേശത്തായിരുന്നു തിരച്ചില്‍. തിരച്ചില്‍ ഏറെ സമയം നീണ്ടെങ്കിലും അപ്രതീക്ഷിതമായി മറ്റൊരു സംഭവം അവിടെ അരങ്ങേറുകയായിരുന്നു.
മുട്ട്ലുവിന്റെ പേര് ഉറക്കെ വിളിച്ചായിരുന്നു തിരച്ചില്‍. മുട്ട്ലുവെന്ന് ഉറക്കെ വിളിക്കുന്നതിനിടെ തിരച്ചില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ നിങ്ങള്‍ ആരെയാണ് തിരയുന്നതെന്ന് ആരാഞ്ഞ് മുന്നോട്ടെത്തുകയായിരുന്നു. മുട്ട്ലുവിനെയാണെങ്കില് അത് താനാണെന്നും അയാള്‍ വെളിപ്പെടുത്തി.
എന്നാല്‍, മുട്ട്ലു എങ്ങനെ, എപ്പോള്‍ ആണ് തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മുട്ട്ലുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ തിരച്ചിലിനായി പാഴാക്കിയെങ്കിലും മുട്ട്ലുവിന് അപകടമൊന്നും സംഭവിക്കാതെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവര്‍ത്തകരും സുഹൃത്തുക്കളും.