അഴീക്കോടൻ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു

0
61

 

അനശ്വര രക്തസാക്ഷിയും സമുന്നത സിപിഐ എം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബർ 23നാണ്‌ ഇടതുമുന്നണി കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ഒപ്പം നിന്നു. 34 വർഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. ചാലാട്ടെ മാത്തിക്കുട്ടി- മാത ദമ്പതികളുടെ മകളാണ്. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവയ്ക്ക് അർഹയായി. മക്കൾ: ശോഭ, സുധ (കണ്ണൂർ സർവകലാശാല റിട്ട. ലൈബ്രേറിയൻ) , മധു (റിട്ട. തലശേരി റൂറൽ ബാങ്ക്‌), ജ്യോതി (ഗൾഫ്), സാനു (ദേശാഭിമാനി, കണ്ണൂർ ). മരുമക്കൾ: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ), ആലീസ്‌ (ഗൾഫ്‌), എം രഞ്‌ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ (മനുഷ്യാവകാശകമീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.