ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ തിരുവനന്തപുരം ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ് എൻ ശ്രുതി (25), കോഴിക്കോട് സ്വദേശി മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് പി ടി നൗഷാദ് (40) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ലഹരിമരുന്നിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വില മതിക്കും. വയനാട് കാട്ടിക്കുളം- ബാവലി റോഡില്‍ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഡ്രഗ്ഗ് പാർട്ടിക്കായി കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് കടത്ത് സംഘം സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും പിടിച്ചെടുത്തു.
കേരള-കർണാടക അതിർത്തിയിൽ വാഹനം പരിശോധിക്കുന്നതിനിടെ അസ്വാഭാവികത തോന്നി വിശദ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തിരുവനന്തപുരം അടക്കമുള്ള പ്രദേശങ്ങളിലേക്ക് ബംഗളുരുവിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണിവർ. തിരുവനന്തപുരം, കൊച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ നടക്കുന്ന മയക്കുമരുന്ന് പാർട്ടിക്ക് പിന്നിലും ഇതേ സംഘമാണ്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായ മൂവരുമെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.