Friday
19 December 2025
20.8 C
Kerala
HomeKeralaറഡാർ ടവറിന്റെ ഉയരം 34 മീറ്റർ : വിഴിഞ്ഞത്ത് റഡാർ സ്റ്റേഷൻ വരുന്നു

റഡാർ ടവറിന്റെ ഉയരം 34 മീറ്റർ : വിഴിഞ്ഞത്ത് റഡാർ സ്റ്റേഷൻ വരുന്നു

വിഴിഞ്ഞം : കടലിലൂടെ വിദൂരത്തിൽ കടന്നുപോകുന്ന കപ്പലുകളെ അടുത്തുകണ്ട് നിരീക്ഷിക്കുന്നതിന് വിഴിഞ്ഞത്ത് റഡാർ സ്റ്റേഷൻ വരുന്നു. കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്‌റ്റേഷൻ വളപ്പിലാണ് കടലിനഭിമുഖമായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള റഡാർ സ്റ്റേഷനും കൺട്രോൾ റൂമും സ്ഥാപിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് കോസ്റ്റ്ഗാർഡ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ മേൽനോട്ടത്തിലാണ് സ്‌റ്റേഷൻ സ്ഥാപിക്കുക. സംസ്ഥാനത്തെ തീരദേശമേഖലയിൽ സ്ഥാപിക്കുന്ന അഞ്ചാമത്തെ സ്റ്റേഷനാണിത്. കൊല്ലം, പൊന്നാനി, വൈപ്പിൻ, ഏഴിമല എന്നിവിടങ്ങളിലാണ് നേരത്തെ റഡാർ സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ കൊല്ലത്ത് സ്ഥാപിച്ചിട്ടുള്ള മാതൃകയിലാണ് വിഴിഞ്ഞത്തേത്.

കടൽവഴിയെത്തിയ ഭീകരർ 2008 നവംബർ 26-ന് മുംബൈയിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് രാജ്യത്തെ തീരദേശത്തെ പ്രത്യേക പോയിന്റുകളിൽ സ്‌റ്റേഷനുകൾ സ്ഥാപിച്ചത്. അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ കടന്നുപോകുന്ന സൈനിക കപ്പലുകൾ അടക്കമുള്ളവയെ നിരീക്ഷിക്കുക, വിധ്വംസക പ്രവർത്തനങ്ങളെ തടയുന്നതിന് കന്യാകുമാരി മുതൽ പാകിസ്‌താൻ അതിർത്തി പങ്കിടുന്ന ഗുജറാത്ത് തീരം വരെയുള്ള കോസ്റ്റ് ഗാർഡ് സ്‌റ്റേഷനുകളെ വിഴിഞ്ഞവുമായി ഏകോപിക്കുക എന്നിവയ്ക്കാണ് പുതിയ റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

34 മീറ്ററാണ് റഡാർ സ്റ്റേഷന്റെ ഉയരം. രാവും പകലും കടന്നുപോകുന്ന കപ്പലുകളെ ഒപ്പിയെടുക്കുന്നതിനു തീവ്രശേഷിയുള്ള ഓട്ടോമാറ്റിക് ക്യാമറകളുണ്ടാകും. ഇതിൽനിന്നു ലഭിക്കുന്ന ദൃശ്യങ്ങൾ ക്രോഡീകരിക്കുന്നതിനുള്ള മാസ്റ്റർ കൺട്രോൾ റൂമും സജ്ജമാക്കും. വിഴിഞ്ഞം മേഖലയിലെ റഡാറിൽനിന്ന് ലഭിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും കോസ്റ്റ്ഗാർഡിന്റെ രാജ്യത്തുള്ള എല്ലാ സ്‌റ്റേഷനുമായി ബന്ധിപ്പിക്കും.

നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്‌റ്റേഷൻ കമാൻഡർ ശ്രീകുമാർ ജി. പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണവും പൂർത്തീകരിക്കും.

RELATED ARTICLES

Most Popular

Recent Comments