ബിജെപിയുടെ നഗരസഭയിൽ വ്യാജ ബജറ്റ്: പന്തളം മുനിസിപ്പാലിറ്റി പിരിച്ചുവിടണമെന്ന് സെക്രട്ടറി

0
64

 

കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ബജറ്റ് അവതരിപ്പിച്ച പന്തളം നഗരസഭ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി എസ് ജയകുമാര്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്നും മുന്‍സിപ്പാലിറ്റീസ് ആക്‌ട് പ്രകാരം നടപടി വേണമെന്നുമാണ് ആവശ്യം.

പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചര്‍ച്ചകളും വന്‍ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസക്കിയിട്ടും പന്തളത്ത് മാത്രം 2021-2022 സാമ്പത്തികവര്‍ഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല. ഇക്കാലയളിവിലെല്ലാം നഗരസഭയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജൂലൈ ഏഴിന് പുതുതായി എത്തിയ സെക്രട്ടറി രേഖകള്‍ പരിശോധിച്ചപ്പോഴാണ് മാര്‍ച്ച്‌ 22ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെന്നും കണ്ടത്തി. കൗണ്‍സില്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയിട്ടുണ്ട്. നഗരസഭയായതിന് ശേഷം കണ്ടിന്‍ജന്റ്, സാനിറ്റേഷന്‍ മേഖലകളിലൈായി 23 ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിട്ടും, നിയമവിരുദ്ധമായി പഞ്ചായത്ത് ആയിരുന്ന കാലത്തെ സാനിറ്റേഷന്‍ സൊസൈറ്റിയാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ബജറ്റിന്റെ പകര്‍പ്പും പരാതിക്ക് ഒപ്പം നല്‍കി.