ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രൗഡ് ഫണ്ടിങിലൂടെ പണം സ്വരൂപിച്ച സംഭവത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്. ഹിന്ദു ഐടി സെല്ലിന്റെ പരാതിയിലാണ് ഗാസിയാബാദ് പൊലീസാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍, ഐടി ആക്ട്, തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അസം, ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക, കൊവിഡ് ദുരിത ബാധിതര്‍ക്ക് സഹായം തേടി പണം സ്വരൂപിച്ച സംഭവത്തിലാണ് ഹിന്ദു ഐ ടി സെൽ പരാതി നൽകിയത്. സ്വരൂപിച്ച പണം വിതരണം ചെയ്തില്ലെന്നാണ് സെല്ലിന്റെ ആരോപണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റാണാ അയ്യൂബ് ഓൺലൈൻ വഴി അനധികൃതമായി പണം പിരിക്കുകയാണെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശത്ത് നിന്നുള്‍പ്പെടെ പണം സംഭാവനകള്‍ സ്വീകരിക്കവെന്നുമാണ് പരാതി.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും അതിശക്തമായി പ്രതികരിക്കുന്ന മാധ്യമപ്രവത്തകയാണ് റാണ അയ്യൂബ്. സിദ്ധീഖ് കാപ്പനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച യോഗി സർക്കാരിനെ റാണ അയ്യൂബ് നിശിതമായി വിമർശിച്ചിരുന്നു. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പും ഭീഷണിയും പലതവണ നേരിടേണ്ടിവന്നിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള റാണയുടെ ഫീച്ചർ എക്കാലത്തെയും 20 മികച്ച ഫീച്ചറായാണ് വിലയിരുത്തപ്പെടുന്നത്. റാണ അയ്യൂബിന്റെ അന്വേഷണാത്മക റിപ്പോർട്ടുകളാണ് അമിത് ഷായുടെ അറസ്റ്റിൽ കലാശിച്ചത്. ഇതേതുടർന്ന് ബിജെപി സർക്കാർ റാണ അയ്യൂബിനെ നിരന്തരം വേട്ടയാടുകയാണ്.
ഗാസിയാബാദില്‍ മുസ്ലീം വിഭാഗത്തില്‍ പെട്ട വയോധികനെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ ജൂണില്‍ റാണാ അയ്യൂബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും നല്‍കിയിരുന്നു.