18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക്‌ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

0
34

 

18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണ്. സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമുണ്ട്. വാക്‌സിനേഷന്‍ സുഗമമായി നടത്താന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. 2021 ജനുവരി 16നാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ആദ്യയമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കി. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിന്‍, ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ട്.