കെവൈസി നിയമ ലംഘനം; ആക്‌സിസ് ബാങ്കിന് 25 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ

0
59

 

കെവൈസി നിര്‍ദ്ദേശത്തില്‍ 2016 ലെ നിയമങ്ങള്‍ ലംഘിച്ചതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌സിസ് ബാങ്കിന് 25 ലക്ഷം രൂപ പിഴ ചുമത്തി. 2020 ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഒരു ആക്‌സിസ് ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ട് പരിശോധിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്ക് കെവൈസിയുമായി ബന്ധപ്പെട്ട് 2016 ല്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ആക്‌സിസ് ബാങ്ക് പരാജയപ്പെട്ടതായാണ് കണ്ടെത്തിയത്. ആക്‌സിസ് ബാങ്കിന് ഉപഭോക്തൃ അക്കൗണ്ടുകളുടെയും ഉപഭോക്താക്കളുടെ ബിസിനസ്സ്, റിസ്‌ക് പ്രൊഫൈലുകളുടെയും കൃത്യത പാലിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഇതിനര്‍ത്ഥം. അന്വേഷണത്തിന് ശേഷം ആര്‍ബിഐ നോട്ടീസ് നല്‍കി. നോട്ടീസിനുള്ള മറുപടിയും വാക്കാലുള്ള വിശദീകരണവും പരിഗണിച്ചശേഷം പിഴ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ബാങ്കിന്റെ ഇടപാടിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു.