കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗേ പ്രതിപക്ഷ നേതാവാകുക. പി.ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരെ തഴഞ്ഞാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ ഖാർഗേയെ തെരഞ്ഞെടുത്തത്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഇപ്പോൾ എറ്റവും പ്രധാനപ്പെട്ടതാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം. വർഷങ്ങളായി കൈയടക്കത്തോടെ ഈ പദവി വഹിച്ചിരുന്നത് ഗുലാം നബി ആസാദായിരുന്നു. ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് ആ പദവിയിൽ നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഗുലാം നബി ആസാദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം മല്ലികാർജുൻ ഖാർഗേയിൽ അവസാനിച്ചു.
ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതായിരുന്നു അന്തിമ വാക്ക്. പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് എന്നിവർ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവരിൽ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതിൽ കോൺഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല.