കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ബുധനാഴ്‌ച ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് പ്രത്യേക അന്വേഷകസംഘം നോട്ടീസ് നൽകിയിട്ടുള്ളത്. ജൂലൈ രണ്ടിന് ഹാജരാകാൻ നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു. നിലവിൽ വാൻ പോലീസ് സന്നാഹത്തോടെ ചോദ്യം ചെയ്യലിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.
കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു. അതിനിടെ, പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി 17ലേക്ക് നീട്ടി.ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത് വാങ്ങിയ 347 ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തി. സംഭവമുണ്ടായ ഉടൻ പ്രതികളും പണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടവരും ബന്ധപ്പെടാൻ ശ്രമിച്ചത് സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തിൽ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്. വയനാട്ടിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത് സുന്ദരയ്‌ക്കുമടക്കം പണം നൽകി. കള്ളപ്പണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നും എത്ര കോടി കൊണ്ടുവന്നുവെന്നും ഉത്തരം പറയേണ്ടിവരും.