5ജി സാങ്കേതികവിദ്യ നടപ്പാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ

0
52

രാജ്യത്തെ മൊബൈൽ ഫോൺ – ഇന്റർനെറ്റ് ഉപയോക്താക്കളുടെ 5ജിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. 2021 മധ്യത്തോടെ നടപ്പാക്കുമെന്ന് കരുതിയിരുന്ന 5ജി സാങ്കേതികവിദ്യ ഭാഗികമായെങ്കിലും നടപ്പാകണമെങ്കിൽ അടുത്തവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്ന സൂചന. വിവിധ ലോകരാജ്യങ്ങൾ ഇതിനകം വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കിയ 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന്റെ കാരണം ഒരുക്കങ്ങളിലെ മന്ദഗതിയാണെന്ന് ടെലികോം മന്ത്രാലയം നിയോഗിച്ച സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

2022 തുടക്കത്തിൽ 5ജി നടപ്പാക്കാനാകുമെങ്കിലും ഇത് ഭാഗികമായിരിക്കുമെന്നും നിലവിലെ സ്ഥിതിയനുസരിച്ച് അഞ്ച് വർഷംകൂടി 4ജി സാങ്കേതിക വിദ്യ രാജ്യത്ത് തുടരുമെന്നും ശശി തരൂർ എം.പി അധ്യക്ഷനായ കമ്മിറ്റി വ്യക്തമാക്കുന്നു.

‘ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് ഈ കമ്മിറ്റി വിലയിരുത്തുന്നത്. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോൾ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മൾ പിന്നിട്ടിട്ടില്ല. 2ജി, 3ജി, 4ജി ബസ്സുകൾ കിട്ടാതായതു പോലെ നമുക്ക് 5ജി അവസരങ്ങൾ നഷ്ടമാകാൻ പോവുകയാണ്. സമയബന്ധിതമായ നടപടികളും സർക്കാർ ഇടപെടലും ഇവിടെ അത്യന്താപേക്ഷിതമാണ്.’

– ടെലികോം മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ട്

5ജി അവതരിപ്പിച്ചാലും ചില പ്രത്യേക ഉപയോഗങ്ങൾക്കു വേണ്ടി മാത്രമേ ആദ്യഘട്ടത്തിൽ ലഭ്യമാവുകയുള്ളൂവെന്നും അടുത്ത അഞ്ച് മുതൽ ആറ് വർഷം വരെ 4ജി തന്നെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഒക്ടോബറോടെ സേവനദാതാക്കൾക്കായി 5ജി ട്രയൽസ് നടത്തുമെന്ന് ടെലികോം വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റിയോട് പറഞ്ഞു. അതേസമയം, 2020 ജനുവരിയിൽ തന്നെ ടെലികോം കമ്പനികൾ 5ജി ട്രയലിനായുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തിൽ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പറയുന്നത്.

അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ, ഇറ്റലി, നെതർലാന്റ്‌സ്, വിയറ്റ്‌നാം, ഉറുഗ്വേ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇതിനകം 5ജി നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് 5ജി ഉടൻ വരുമെന്ന പ്രതീക്ഷയിൽ വിവിധ മൊബൈൽ കമ്പനികൾ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കിയിട്ടുണ്ട്. ആപ്പിൾ, വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ ലഭ്യമാണ്.