കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി

0
218

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്നു പറഞ്ഞ സുപ്രീംകോടതി തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടേയെന്നും പറഞ്ഞു.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സർക്കാർ സമർപ്പിച്ച ഹർജിയിൽ, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ അപ്പീലിൽ പറഞ്ഞത്.

വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ല എന്ന വാദമാണ് കോടതി തള്ളിയത്. നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെ എന്നും കോടതി പറഞ്ഞു.