കാഞ്ഞങ്ങാട് കോട്ടച്ചേരി സഹകരണ ബാങ്കിൽ 58 ലക്ഷം രൂപയുടെ സ്വർണ്ണപണയ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മടിയൻ ശാഖ മാനേജർ അടമ്പിൽ സ്വദേശിനി ടി.നീനയെ(52) ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയനീന ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നൽകാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നീനയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണ്ണം ബാങ്ക് ലോക്കറിലെ കവറിൽ നിന്നും ആരും കാണാതെ എടുത്ത് സ്വന്തക്കാരെകൊണ്ട് വീണ്ടും പണയം വെപ്പിച്ചാണ് നീന മാസങ്ങളോളം തട്ടിപ്പ് നടത്തിയത്. എന്നാൽ നീനസ്ഥലം മാറിയപ്പോൾ പുതുതായി വന്ന മാനേജറാണ് തട്ടിപ്പ് കണ്ടെത്തിയത്. മാനേജരുടെ പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി ബാങ്ക് ഭരണസമിതി നീനയെ സസ്‌പെന്റ് ചെയ്തു. പിന്നാലെ ബാങ്ക് സെക്രട്ടറി ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിലാണ് നീനക്കെതിരെ കേസെടുത്തത്.