മറുനാടൻ മലയാളിയെന്ന യുട്യൂബ് ചാനലിന്റെ ഉടമ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുൻകൂർ ജാമ്യം നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി. പൊലീസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാണ് വിമർശനം. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടും 17ന് ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ പുതിയ അഭിഭാഷകൻ ഹാജരായതിനെയും ഹൈക്കോടതി വിമർശിച്ചു. ഉപാധികൾ പാലിക്കുമെന്ന് അറിയിച്ച അഭിഭാഷകൻ ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി ഹാജരായില്ല ഇതും വിമർശനത്തിന് കാരണമായി. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി.
നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യത്തിനായി ഷാജൻ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നൽകി. കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ വേണ്ടി പൊലീസ് നോട്ടീസ് നൽകി. എന്നാൽ ഷാജൻ സ്‌കറിയ ഹാജരായില്ല. ഇക്കാര്യം പ്രൊസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
മതസ്പർധ വളർത്തുന്ന രീതിയിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെ നിലമ്പൂർ പൊലീസ് ചുമത്തിയ കുറ്റം.