സതിയമ്മ ജോലിചെയ്‌തത്‌ ആൾമാറാട്ടം നടത്തി; മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

0
153

കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.

ലിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്. പണം നൽകിയിരുന്നതും ലിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്. അതിന് അവിടെ ചുമതലുണ്ടായിരുന്നത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ്. ലിജിമോൾ എന്ന പെൺകുട്ടിയെ നിയമിക്കാനാണ് ഫെബ്രുവരിയിൽ യൂണിറ്റ് കത്ത് നൽകിയത്. ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ, ജോലി ചെയ്‌തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല – മന്ത്രി പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു വാർത്ത.