പുതുപ്പള്ളിയിലെ “നല്ലതുപറച്ചിൽ”ചീറ്റി; താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്നത്‌ വ്യാജവാർത്ത, നാണം കെട്ട് മനോരമയും റിപ്പോർട്ടർ ടിവിയും

0
150

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പതിവ്‌ നുണവാർത്തകൾക്ക്‌ തുടക്കമിട്ട്‌ യുഡിഎഫ്‌ “മുഖപത്രം” മലയാള മനോരമ. മനോരമയുടെ വാർത്ത ഏറ്റുപിടിച്ച റിപ്പോർട്ടർ ടിവിയും കോൺഗ്രസ് നേതാക്കളും പൊതുജനമധ്യത്തിൽ നാണം കെട്ടു. ഉമ്മൻചാണ്ടിയെ നല്ലതുപറഞ്ഞതിന്‌ ജീവനക്കാരിയെ പുറത്താക്കിയെന്ന പച്ചക്കള്ളമാണ് മനോരമ തൊടുത്തുവിട്ടത്. ഈ വാർത്ത അതേപടി കോപ്പിയടിച്ച റിപ്പോർട്ടർ ടിവിയും ‘ജീവനക്കാരിയുടെ’ പ്രതികരണമൊക്കെ എടുത്തുകൊടുക്കുകയും ചെയ്തു.

വസ്തുതയുടെ ഒരു കണികാ പോലും ഉണ്ടോ എന്ന് അന്വേഷിക്കാതെ മനോരമ വാർത്ത വള്ളിപുള്ളി തെറ്റാതെ വായിക്കുകയായിരുന്നു റിപ്പോർട്ടർ ടി വിയുടെ “പ്രഗത്ഭനായ” റിപ്പോർട്ടർ. ഈ റാൻഡ് കള്ളവാർത്ത കണ്ടയുടൻ ഇളകി മറിഞ്ഞ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, പി സി വിഷ്ണുനാഥ് എന്നിവർ മൃഗസംരക്ഷണ ഓഫീസിൽ എത്തി മനുഷ്യാവകാശം പ്രസംഗിക്കുകയും ചെയ്തു. എന്നാൽ, വസ്തുതകൾ പുറത്തുവന്നതോടെ “നിഷ്പക്ഷ മാധ്യമക്കാരെ” കണ്ട് പുതുപ്പള്ളിക്കാർ ചിരിക്കുന്നുണ്ട്.

പുതുപ്പള്ളിയിൽ മനോരമയുടെ നുണബോംബിങ്‌ ഇങ്ങനെ.

കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ പി ഒ സതിയമ്മയെ പുറത്താക്കി. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു. ഇക്കുറി ചാണ്ടി ഉമ്മന് വോട്ട് കൊടുക്കും എന്നും പറഞ്ഞു. പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു. ഈ പച്ചക്കള്ളം റിപ്പോർട്ടർ ടി വിയിലെ റിപ്പോർട്ടർ അതേപടി എടുത്തുകൊടുത്തു. ഒരു വരി പോലും മാറ്റാതെ.

ഇനി വസ്തുത.

സതിയമ്മ താൽക്കാലിക ജീവനക്കാരി മാത്രമാണ്. ഇക്കഴിഞ്ഞ ജൂലൈ മുതൽ ഐശ്വര്യ കുടുംബശ്രീയിലെ ലിജിമോൾ കെ സിയാണ്‌ ഈ ജോലി ചെയ്‌തുവരുന്നതെന്ന വിവരം രേഖകൾ സഹിതം പുറത്ത്. ജൂലൈ ഒന്നാം തീയതി മുതൽ സതിയമ്മയല്ല ഈ ജോലി ചെയ്യുന്നത്‌. ലിജിമോൾ കെ സിയാണ്‌. ലിജിമോൾക്ക്‌ ജൂലായ്‌ മാസത്തെ വേതനം നൽകിക്കൊണ്ടുള്ള ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌.
ജൂലൈ 18 നാണ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അതിന്‌ മുൻപുതന്നെ ഈ തസ്‌തികയിൽ ലിജിമോളാണ്‌ ജോലിചെയ്യുന്നതെന്ന്‌ വ്യക്തമാണ്‌. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളിൽ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിൽ പിരിച്ചുവിട്ടെന്ന്‌ പറയുന്നത്‌ തെറ്റാണെന്ന്‌ ആർക്കും മനസ്സിലാകുന്ന കാര്യമാണ്‌.
മന്ത്രി ചിഞ്ചുറാണിയും ഇക്കാര്യം തെളിവുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളിലും ഈ “നിഷ്പക്ഷ മാധ്യമ പ്രവർത്തകരെ” കൊണ്ട് പുതുപ്പള്ളിക്കാർ പൊറുതിമുട്ടാനാണ് സാധ്യത.