എന്തുകൊണ്ട് ചിലർക്കുമാത്രം ശിക്ഷാഇളവ്‌ ; ബിൽക്കിസ്‌ ബാനു കേസില്‍ സുപ്രീംകോടതി

0
138

ചില പ്രതികളെ മാത്രം തിരഞ്ഞുപിടിച്ച്‌ ശിക്ഷാ ഇളവ്‌ നൽകുന്നത്‌ എന്തുകൊണ്ടെന്ന്‌ കേന്ദ്രസർക്കാരിനോടും ഗുജറാത്ത്‌ സർക്കാരിനോടും സുപ്രീംകോടതിയുടെ ചോദ്യം. ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ നൽകി വിട്ടയച്ചതിനെതിരായ ഹർജികൾ പരിഗണിക്കവേയാണ്‌ കോടതിയുടെ ചോദ്യം.

‘അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാ ഇളവ്‌ നൽകി വിട്ടയക്കണം. എന്നാൽ, ഇവിടെ ചിലർക്കു മാത്രം ആനുകൂല്യം അനുവദിക്കുന്ന കാഴ്‌ചയാണ്‌ കാണാൻ കഴിയുന്നത്‌. 14 വർഷം തടവുശിക്ഷ അനുഭവിച്ച അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാഇളവിന്‌ അർഹതയുണ്ട്‌. ഇവിടെ അത്‌ സംഭവിച്ചിട്ടുണ്ടോ?’–- ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു. ശിക്ഷാഇളവ്‌ നൽകിയതിനുള്ള ഗുജറാത്ത്‌ സർക്കാരിന്റെ ന്യായീകരണങ്ങൾ തൃപ്‌തികരമല്ലെന്ന ശക്തമായ സൂചനയും സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായി.

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിൽക്കിസ്‌ബാനു കേസിലെ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്കും ശിക്ഷാഇളവ്‌ നൽകി വിട്ടയച്ച ഗുജറാത്ത്‌ സർക്കാരിന്റെയും ആ നടപടി ശരിവച്ച കേന്ദ്രസർക്കാരിന്റെയും നടപടി വലിയ വിവാദമായിരുന്നു. സർക്കാർ നടപടിക്കെതിരെ ബിൽക്കിസ്‌ ബാനു നൽകിയ ഹർജിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണിഅലി, മൊഹുവാമൊയിത്ര എംപി തുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജികളുമാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌.