ഹിന്ദു പെൺകുട്ടിയുമായി മകന് ബന്ധം; ഉത്തർപ്രദേശിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു

0
153

ഉത്തർപ്രദേശിലെ സീതാപൂരിൽ മുസ്ലീം ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. ദമ്പതികളുടെ മകന് ഹിന്ദു പെൺകുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ഇരുമ്പുവടിയും കമ്പുവടികളും ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ അബ്ബാസും ഭാര്യ കമറുൾ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്ന് വർഷം മുമ്പ് അബ്ബാസിന്റെ മകൻ അയൽ വീട്ടിലെ ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയതായി സീതാപൂർ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറയുന്നു.

കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ ഷൗക്കത്ത് മുഖ്യപ്രതി രാംപാലിന്റെ മകൾ റൂബിയുമായി പ്രണയത്തിലായിരുന്നു. 2020-ൽ ഇരുവരും ഒളിച്ചോടി. എന്നാൽ അന്ന് റൂബിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് കേസെടുത്ത് ഷൗക്കത്തിനെ ശിക്ഷിച്ചു. ജൂണിൽ ജയിൽ മോചിതനായ ഷൗക്കത്ത് വീണ്ടും റൂബിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു.

ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് ദമ്പതികളെ കൊലപ്പെടുത്താൻ കാരണമായതെന്നും ചക്രേഷ് മിശ്ര പറഞ്ഞു. കേസിൽ മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു