ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുളള റിസോർട്ടും അനുബന്ധഭൂമിയും മിച്ചഭൂമി കേസിൽപ്പെട്ടതാണെന്ന് റവന്യുരേഖകൾ തെളിയിക്കുന്നു. ഉടുമ്പൻചോല താലൂക്ക് ലാൻഡ് ബോർഡ് മുൻപാകെയാണ് കേസുളളത്. കൊല്ലം സ്വദേശി ജെന്നിഫർ അൽഫോൺസ് എന്ന വ്യക്തിയിൽ നിന്നാണ് മാത്യു ഭൂമി വാങ്ങുന്നത്. ജെന്നിഫർ അൽഫോൺസിനും മുൻപ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന സൂര്യനെല്ലി വെളളുക്കൂന്നേൽ സ്കറിയ ജോസഫിനും കുടുംബാഗംങ്ങൾക്കുമെതിരെയാണ് മിച്ചഭൂമി കേസുളളത്.
ചിന്നക്കനാൽ വില്ലേജിൽ വിവിധ തണ്ടപ്പേരുകളിലായി ഭൂമിയുണ്ടായിരുന്ന വെളളുക്കുന്നേൽ കുടുംബം ഭൂപരിഷ്കരണനിയമം അനുശാസിക്കുന്ന പരിധിയിൽ ഭൂമി കൈവശം വെച്ചിരുന്നു. ഭൂപരിധി ലംഘിച്ചോ എന്ന് പരിശോധിക്കാൻ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.തുടർന്ന് ഇവർക്കെതിരെ മിച്ചഭൂമി കേസ് എടുക്കണമെന്ന് 2010ൽ തഹസീൽദാർ കളക്ടറോട് ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഉടുമ്പൻചോല താലൂക്ക് ലാൻഡ് ബോർഡിൽ ജി – 1-391202/22 നമ്പരായി കേസ് വന്നത്. ഇങ്ങനെ മിച്ചഭൂമി കേസുളള ഭൂമിയാണ് മാത്യു കുഴൽനാടൻ വാങ്ങിയത്.
കേസിൽപ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞിട്ടും അഭിഭാഷകനായ മാത്യു കുഴൽനാടൻ വാങ്ങിയത് എന്തിനാണെന്നാണ് സി പി ഐ എം നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം. വിപണി വിലയേക്കാൾ കുറഞ്ഞ തുകയ്ക്ക് ഭൂമി വാങ്ങിയതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ആക്ഷേപം. മിച്ചഭൂമി കേസിൽ തീർപ്പാകാത്തതിനാൽ ചിന്നക്കനാൽ ഭൂമിയിൽ ഇപ്പോഴും പൂർണ അവകാശം ഉറപ്പിക്കാനാവില്ല. മുൻ ഉടമയ്ക്ക് മിച്ച ഭൂമി ഉണ്ടെന്ന് കണ്ടെത്തിയാൽ പോക്കുവരവ് റദ്ദാക്കുകയാണ് റവന്യു വകുപ്പിൻെറ സാധാരണ നടപടി