കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്; അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; എ കെ ബാലൻ

0
366

മാത്യു കുഴൽനാടന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലൻ. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു.

വീണാ വിജയൻ ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ മാത്യു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമോ? കുഴൽനാടൻ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മാത്യു കുഴൽനാടൻ എന്നും എകെ ബാലൻ പറഞ്ഞു.

നാട്ടില്‍ ചില കൃത്രിമ അഭ്യാസികള്‍ ഉണ്ട്. അഭ്യാസം അറിയുന്നവന്റെ നല്ല ഒന്ന് കിട്ടിയാല്‍ മണ്ണില്‍ വീഴും. എന്നിട്ട് പറയും പൂഴിക്കടകന്‍ ആണെന്ന്. കിടന്നിടത്തു നിന്നും ഉരുളും. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. ഈ കേസ് കോടതിയുടെ മുറ്റം പോലും കാണില്ല. അത്രയും സുതാര്യമാണ് കമ്പനിയുടെ പ്രവര്‍ത്തനം. മന്ത്രി മുഹമ്മദ് റിയാസിനെതിരായ ആരോപണവും കോടതിയുടെ മുറ്റം കാണില്ല. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു.