മുന്നോട്ട് നടന്നാൽ മന്ത്രി മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തെന്ന് വാർത്ത വരും’; ആരോപണങ്ങളിൽ റിയാസ്

0
416

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. നിലവിൽ തനിക്ക് അനങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി പറഞ്ഞു. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏത് ഏജൻസിക്കും പരിശോധന നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയും സെക്രട്ടറിയേറ്റും എല്ലാ വശങ്ങളും വിശദീകരിച്ചതാണ്. രാവിലെ എഴുന്നേറ്റ് ഓരോരുത്തർ പറയുന്നതിനെല്ലാം മറുപടി പറയലല്ല പാർട്ടി നേതൃത്വത്തിന്റെ പണി.

മുന്നോട്ട് നടന്നാൽ മാധ്യമങ്ങളെ കൈകാര്യം ചെയ്തു എന്ന് വാർത്ത വരാൻ സാധ്യതയുണ്ട്. മിണ്ടാതിരുന്നാൽ ഉത്തരം മുട്ടി എന്ന് പറയും. ചിരിച്ചാൽ‌ ഭീകരൻ എന്നും തിരിഞ്ഞുനടന്നാൽ ഒളിച്ചോടി എന്നും വാർത്ത വരാൻ സാധ്യതയുണ്ട്. എൽഡിഎഫ് സർക്കാരിന് തുടർഭരണം കിട്ടിയതിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ഇത്തരം വിഷയങ്ങൾ പറഞ്ഞ് പിന്നാലെ നടക്കുന്നത്. ഞാനും മനുഷ്യനാണെന്നും എന്നും ഒരേ ചോദ്യങ്ങൾക്ക് മറുപടി തരാൻ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.

‘നിയമപരമായ വശങ്ങളെല്ലാം പാർട്ടി നേതൃത്വം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ഭയം ഈ വിഷയത്തിലില്ല. ഇതെല്ലാം പരിശോധിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവർ ഇതെല്ലാം പരിശോധിക്കും. എല്ലാ കാര്യങ്ങളും ഈ സംവിധാനങ്ങൾ പരിശോധിച്ചു പോവുകയാണ്. തിരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ കാര്യം ചിലർ‌ ചോദിക്കുന്നു. അന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ മാധ്യമങ്ങൾ വീ‍ഡിയോ എടുത്തതാണ്. അന്ന് തന്നെ വിശദമായ പരിശോധന നടത്തിയതാണ്. ഇനിയും എന്തു പരിശോധനക്കും റെഡിയാണ്’. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.