നടിയെ ആക്രമിച്ച കേസ്: പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണം; ദിലീപ് കോടതിയില്‍

0
109

നടിയെ ആക്രമിച്ച കേസില്‍ കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് തടസ്സഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. എന്നാല്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ട വിവരം പുറത്തുവരുന്നത്. പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ ഹര്‍ജിയില്‍ വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് തടസ്സഹര്‍ജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവൂ എന്ന തടസ്സ ഹര്‍ജിയുമായി ദിലീപ് കോടതിയിലെത്തിയത്.

സംഭവത്തില്‍ അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.