ചിന്നക്കനാലിലെ ഭൂമിയിലുള്ള കൂറ്റൻ ആഡംബര റിസോർട്ട് കെട്ടിടം ഗസ്‌റ്റ് ഹൗസാണെന്ന മാത്യു കുഴൽനാടൻ എംഎൽഎ വാദവും പൊളിച്ച് മാധ്യമപ്രവർത്തകൻ ബി അമലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. വിവാദമുയർന്ന ഭൂമിയിലെ മുഴുവൻ കെട്ടിടങ്ങളും അംഗീകാരമുള്ളതും ഗസ്‌റ്റ് ഹൗസ് ഉപയോഗത്തിനുള്ളതുമാണെന്നത് മനസിലാക്കിയാണ് വാങ്ങിയതെന്നാണ് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ മാത്യു കുഴൽനാടന്റെ കെട്ടിടം റിസോർട്ടാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റിസോർട്ടുകളുടെയും ഹോട്ടലുകളുടേയും ബുക്കിങ് സെെറ്റുകളിൽ കുഴൽ നാടന്റെ കപ്പിത്താൻ ബംഗ്ലാവുമുണ്ട്. ‘എറ്റേണോ കപ്പിത്താൻസ് ഡേൽ ’ എന്ന ബംഗ്ലാവ് 3 സ്റ്റാർ ഹോട്ടലാണെന്ന് സെെറ്റുകൾ പറയുന്നു. 5000 രൂപ അടച്ചാൽ ആർക്കും താമസിക്കാം. എന്നാൽ അത് സ്വകാര ഗസ്റ്റ് ഹൗസ് ആണെന്നാണ് കുഴൽനാടൻ പറയുന്നത്.
അമലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്.
ചിന്നക്കനാലിൽ മാത്യൂ കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ ബംഗ്ലാവ് എന്ന റിസോർട്ട് ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം ഉയർന്ന ആരോപണം. അതായത് 1964ലെ ഭൂപതിവ് ചട്ടപ്രകാരം പാർപ്പിട നിർമ്മാണത്തിനായി ലഭിച്ച എൻ ഒ സി ഉപയോഗിച്ചാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്.
ഇന്നലെ ഇക്കാര്യത്തിൽ വിശദീകരണം നൽകുവാൻ എംഎൽഎ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. ഈ പത്രസമ്മേളനത്തിൽ കുഴൽനാടൻ പറയുന്നത് കപ്പിത്താൻ ബംഗ്ലാവെന്ന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റിസോർട്ട് നിർമ്മിക്കാൻ അനുമതി ലഭിക്കില്ല എന്നറിഞ്ഞിട്ട് തന്നെയാണ് താനാ വസ്തു വാങ്ങിയതെന്നാണ്. വീട് നിർമ്മിക്കാൻ ലഭിച്ച അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചതെന്നും അവിടെയുള്ള കെട്ടിടം റിസോർട്ടല്ല, സ്വകാര്യ ഗസ്റ്റ് ഹൗസാണെന്നും അദ്ദേഹം വാദിക്കുന്നുണ്ട്.
ഇനി കാര്യത്തിലേക്ക്, ഇതിനൊപ്പമുള്ളത് നമ്മുടെ നാട്ടിലെ പ്രമുഖ ഓൺലൈൻ ബുക്കിംഗ് വെബ് സൈറ്റുകളുടെ സ്ക്രീൻഷോട്ടാണ്. എല്ലാ വെബ് സൈറ്റുകളിലും കപ്പിത്താൻ റിസോർട്ടിന്റെ ബുക്കിംഗ് വിവരങ്ങളുണ്ട്. എംഎൽഎ സ്വകാര്യ അതിഥി മന്ദിരമെന്ന് പറയുന്ന കെട്ടിടം 3 സ്റ്റാർ ഹോട്ടൽ ആണെന്നാണ് ബുക്കിംഗ് സൈറ്റുകൾ പറയുന്നത്. മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ പണമടച്ചാൽ ആർക്കും താമസിക്കാം. പാർപ്പിട ആവശ്യത്തിന് റവന്യു വകുപ്പ് അനുമതി നൽകിയ എംഎൽഎയുടെ പ്രോപ്പർട്ടി അദ്ദേഹം അറിയാതെ ആർക്കെങ്കിലും റിസോർട്ടാക്കി മാറ്റാൻ പറ്റുമോ?