ബീഹാറില്‍ ദൈനിക് ജാഗരണ്‍ ലേഖകന്‍ വിമല്‍ കുമാര്‍ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ പിടിയില്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് നാല് സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചുവെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.
ദൈനിക് ജാഗരന്‍ ലേഖകന്‍ വിമല്‍ കുമാര്‍ യാദവിനെ ബീഹാറിലെ അരാരിയ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. വിമല്‍ കുമാറിന്റെ റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലംഗസംഘമാണ് വെടിവെച്ചത്. വിമല്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. 2019ല്‍ വിമല്‍ കുമാര്‍ യാദവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായിരുന്നു വിമല്‍കുമാര്‍. സാക്ഷിമൊഴി മാറ്റിപ്പറയാന്‍ വിമല്‍ കുമാറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.