‘എത്ര വിശദീകരിച്ചിട്ടും അങ്ങോട്ട് ഒക്കുന്നില്ലല്ലോ’; വാർത്താസമ്മേളനത്തിൽ “വിയർത്തൊലിച്ച്” കുഴൽനാടൻ

0
436

മൂന്നാർ ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടി മാത്യു കുഴൽനാടൻ എംഎൽഎ. കൃത്യമായി പഠിച്ച് രാവിലെ മറുപടി പറയുമെന്നും രാഷ്ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ലെന്നും വീമ്പിളക്കി വാർത്താ സമ്മേളനത്തിനെത്തിയ മാത്യു കുഴൽനാടന് പക്ഷേ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. പകരം ബൈബിൾ വചനവും കുറേക്കാലം വിയർത്ത കഥയും ആവർത്തിക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങളാകട്ടെ ഒന്നും സാമാന്യയുക്തിക്ക് നിരക്കുന്നതും ആയിരുന്നില്ല.

കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഒന്ന് മിണ്ടാൻ പോലും തയ്യാറായില്ല. പകരം തന്റെ നിയമ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി എന്ന രോദനമായിരുന്നു മറുപടി. രജിസ്ട്രേഷൻ സമയത്ത് 1,92,60,000 ഉടമയ്ക്ക് അക്കൗണ്ട് വഴി കൈമാറിയെങ്കിലും ബാക്കി തുക എങ്ങനെ കൈമാറിയെന്നതും കുഴൽനാടൻ വിശദീകരിച്ചില്ല. കാരണം മൂന്നര കോടിയാണ് ഈ ഇടപാടിലെ വിലയെന്ന് സത്യവാങ്മൂലത്തിൽ കുഴൽനാടൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 1,92,60,000 കിഴിച്ച് ബാക്കി തുക കൈമാറിയത് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തേണ്ടതായിരുന്നു, എന്നാൽ, അതുണ്ടായില്ല. മൂന്നര കോടി രൂപ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ കാണിച്ച ഭൂമിക്കും കെട്ടിടത്തിനും 1,92,60000 രൂപ മാത്രമാണ്. രജിസ്ട്രേഷൻ നടത്തിയ തുകയെന്നും അതുവഴി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിനും ഒരു മറുപടിയും പറയാൻ കുഴൽനാടന് കഴിഞ്ഞില്ല. ഇക്കാര്യം ആവർത്തിച്ച് ചോദിച്ചപ്പോൾ മാധ്യമ സ്ഥാപനത്തിന്റെ പേര് ചോദിക്കുകയും ഒഴിഞ്ഞുമാറുകയുമായിരുന്നു.

ചിന്നക്കനാലിലെ ഭൂമി ഇടപാടിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ് വ്യക്തമാക്കാൻ കുഴൽനാടന് കഴിഞ്ഞില്ല എന്നതാണ് ഏറെ പ്രധാനം. കെട്ടിടമുള്ള കാര്യം മറച്ചുവെച്ച് കെട്ടിട നിർമ്മാണത്തിന് അനുമതി തേടി തഹസിൽദാർക്ക് അപേക്ഷ നൽകിയത് എന്തിനെന്ന ചോദ്യത്തിനും കുഴൽനാടൻ മറുപടിയില്ലാതെ കുഴഞ്ഞു മറിഞ്ഞു. ആ അപേക്ഷയിലെ ഒപ്പും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ഒപ്പും വ്യത്യസ്തമാണെന്ന ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത് പരിശോധിക്കാമെന്ന് അലസ മറുപടിയാണ് നൽകിയത്. സ്വന്തം ഒപ്പിന്റെ കാര്യത്തിൽ പോലും വ്യക്തമായ മറുപടി നൽകാനായില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകുമ്പോൾ അതിൽ ഇല്ലാത്ത ഭൂമി ഉണ്ടെന്ന് രേഖപ്പെടുത്തിയതും തഹസിർദാർക്ക് കെട്ടിട നിർമ്മാണ അപേക്ഷയ്ക്കായി നൽകിയ ഒപ്പ് വ്യാജമായിരുന്നുവെന്നും സമ്മതിക്കുകയായിരുന്നു യഥാർത്ഥത്തിൽ കുഴൽനാടൻ.

ന്യായവിലയേക്കാൾ ഉയർന്ന വിലയ്‌ക്കാണ്‌ ആധാരം രജിസ്റ്റർ ചെയ്‌തതെന്ന വാദം ഉയർത്തി തടിതപ്പാനായിരുന്നു നോട്ടം. എന്നാൽ, വാർത്താസമ്മേളനത്തിൽ ഇതിനൊന്നും തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ചിന്നക്കനാലിൽ വാങ്ങിയ 46.43 ആർ ഭൂമിക്ക്‌ ന്യായവില പ്രകാരം 1.17 കോടി രൂപ പ്രമാണത്തിൽ കാട്ടിയാൽ മതിയായിരുന്നു. എന്നാൽ, 1.93 കോടി രൂപ കാണിക്കുകവഴി ആറുലക്ഷം രൂപ അധികമായി നികുതി ഒടുക്കി. ഇടപാട്‌ പൂർണമായും കണക്കിൽപ്പെട്ട പണത്താൽ ആയിരിക്കണമെന്നതിനാലാണ്‌ ഇത്തരത്തിൽ നികുതി ഒടുക്കിയെതെന്നായി വിശദീകരണം. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പുകമീഷന്‌ നൽകിയ സത്യവാങ്‌മൂലത്തിൽ ഇതേ വസ്‌തുവിന്‌ മൂന്നരക്കോടി രൂപ വില കാട്ടിയത്‌ സംബന്ധിച്ച വിചിത്രമായ അവകാശവാദവും നിരത്തി. നേരത്തേ നടന്ന രണ്ടു ഭൂമി ഇടപാടുകളും ആറേഴ്‌ മാസംമുമ്പ്‌ വാങ്ങിയ ഭൂമിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമെല്ലാം ചേർത്തതെന്നായി വാദം.

ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനുപകരം തന്റെ നിയമസ്ഥാപനത്തിന്റെ പെരുമയും സഹപ്രവർത്തകരുടെ തഴമ്പും വിസ്തരിച്ച് കേമത്തം പറയാനാണ് കുഴൽനാടൻ ശ്രമിച്ചത്, അതിനൊപ്പം പതിവുപോലെ സിപിഐ എമ്മിന്റെ മേൽ കുതിര കയറാനും. ഒരു ആരോപണത്തിനും സുപ്രീംകോടതിയിലെയടക്കം കേസുകൾ നടത്തുന്ന തിരക്കേറിയ വക്കിൽ എന്ന സ്വയം പറയുന്ന കുഴൽനാടന് മറുപടി ഇല്ലായിരുന്നു. ഏറ്റവും ലളിതമായ സംശയത്തിന് പോലും കുഴൽനാടൻ ഉരുണ്ടു കളിക്കുകയായിരുന്നു.

പ്രമുഖ അഭിഭാഷകരാണ്‌ പങ്കാളികൾ. ബ്രിട്ടനിലും സിംഗപ്പൂരിലുമൊക്കെയുള്ള ആളുകൾക്ക്‌ സ്ഥാപനവുമായി ബന്ധമുണ്ട്‌. ഇവർവഴി വിദേശപണം എത്തിയിട്ടുണ്ട്‌. തിരുവിതാംകൂർ രാജകുടുംബമടക്കം കക്ഷികളാണ്‌. ഇക്കാലയളവിൽ രണ്ടരക്കോടിയോളം രൂപ സ്ഥാപനം നികുതി അടച്ചു. ഇതുപോലെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ കണക്കുകളും പുറത്തുവിടണം എന്നിങ്ങനെയായിരുന്നു കുഴൽനാടന്റെ ദയനീയമായ വാദങ്ങൾ.