പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന്‌ 97 വ‍ർഷം തടവ്‌; കേരളത്തിലെ രണ്ടാമത്തെ വലിയ പോക്‌സോ ശിക്ഷ

0
92

പന്ത്രണ്ടുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ യുവാവിന്‌ 97 വ‍ർഷം തടവും 8.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ മുഹമ്മദ്‌ ബഷീറിനെ (41) യാണ്‌ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ എ മനോജ്‌ ശിക്ഷിച്ചത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബഷീർ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ കേസ്.

പ്രതിയുടെ സമ്മർദ്ദത്തിൽ പെൺകുട്ടി കോടതിയിൽ മൊഴി മാറ്റിയിട്ടും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുകയായിരുന്നു. 2019 ൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടനെ പെൺകുട്ടി കാസർകോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ എത്തി വിവരങ്ങൾ സബ് ജഡ്‌ജിനോട് വിവരിക്കുകയായിരുന്നു. തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി പെൺകുട്ടിയെ മഹിളാ മന്ദിരത്തിൽ പാർപ്പിക്കുകയും പരാതിയിൽ മഞ്ചേശ്വരം പൊലീസ്‌ കേസെടുക്കുകയും ചെയ്‌തു.

പിതാവ്‌ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ പഠിക്കാനും സഹായിക്കാനും എന്ന വ്യാജേനയാണ്‌ ബഷീർ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്‌. വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയ സമയങ്ങളിലെല്ലാം കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. 2008 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ്‌ പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിൽ ഇൻസപെക്ടറായിരുന്ന ഇ അനൂപ്‌ കുമാറാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. പ്രൊസിക്യുഷനായി സ്‌പെഷ്യൽ പ്രൊസിക്യൂട്ടർ പ്രകാശ്‌ അമ്മണ്ണായ ഹാജരായി.

കേരളത്തിൽ ഇത് രണ്ടാമത്തെ വലിയ പോക്‌സോ ശിക്ഷയാണ്. പത്തനംതിട്ടയിൽ പോക്സോ കേസിൽ പ്രതിയെ 104 വർഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും കൂടിയ ശിക്ഷ.