കുഴൽനാടൻ നടത്തിയത് വമ്പൻ തട്ടിപ്പ്; ബിനാമി ഇടപാടെന്ന് തെളിയുന്നു, കൈക്കലാക്കിയത് കോടികളുടെ ഭൂമിയും റിസോര്‍ട്ടും

0
145

വമ്പൻ തട്ടിപ്പാണ്‌ ചിന്നക്കനാലിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നടത്തിയെന്ന്‌ തെളിഞ്ഞു. ബിനാമി ഇടപാട് വഴി മാത്യു കുഴൽനാടൻ കൈക്കലാക്കിയത് കോടികളുടെ ഭൂമിയും റിസോര്‍ട്ടും. രജിസ്ട്രേഷനിൽ തുക കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തി എന്നതിനുപുറമെ ബിനാമി ഇടപാടിലൂടെയാണ് റിസോർട്ടും ഭൂമിയും സ്വന്തമാക്കിയെന്നതിന്റെയും തെളിവുകൾ പുറത്തുവന്നു.
ആധാര പ്രകാരം മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ ചേര്‍ന്ന് കൊല്ലം ശക്തികുളങ്ങര, കാവനാട്, കപ്പിത്താന്‍സ് മാനര്‍ വീട്ടില്‍ അല്‍ഫോണ്‍സ് ജോസഫ് എന്നയാളുടെ ഭാര്യ ജെന്നിഫര്‍ അല്‍ഫോണ്‍സ് എന്ന സ്ത്രീയില്‍ നിന്നാണ് 2021മാർച്ച് 18ന് 7ആര്‍ 59 ചതുരശ്രമീറ്റര്‍ സ്ഥലം വാങ്ങുന്നത്.

ആധാരപ്രകാരം ഒന്നാം പേരുകാരനായ മാത്യു കുഴല്‍നാടന് വസ്തുവില്‍ 50 ശതമാനം അവകാശവും രണ്ടും മൂന്നും പേരുകാരായ ടോം സാബു, ടോണി സാബു എന്നിവര്‍ക്ക് 25 ശതമാനം വീതവും അവകാശമുള്ളതായാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വസ്തു വിലയായി ഉടമ ജെന്നിഫര്‍ അല്‍ഫോണ്‍സിന് നല്‍കിയ 1,92,60,000 രൂപയില്‍ 1,91,15,549 രൂപയും കൈമാറിയിരിക്കുന്നത് മാത്യു കുഴല്‍നാടന്റെ അക്കൗണ്ടില്‍ നിന്ന് മാത്രമാണ്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലെ 520141001699970 -ാം നമ്പര്‍ അക്കൗണ്ടില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊല്ലം ശാഖയിലെ ജെന്നിഫര്‍ അല്‍ഫോണ്‍സിന്‍റെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. തുക കൈമാറിയ അക്കൗണ്ട് മാത്യു കുഴല്‍നാടന്‍റെ മാത്രമാണ്. ആധാരത്തില്‍ പറയുന്ന രണ്ടും മൂന്നും കക്ഷികള്‍ വസ്തു ഉടമയ്ക്ക് പണം ഒന്നും കൈമാറിയതായി രേഖകളില്‍ ഇല്ല. അതായത് രണ്ടും മൂന്നും കക്ഷികളെ ഉപയോഗിച്ച് ബിനാമി ഇടപാട് നടത്തി കുഴല്‍നാടന്‍ സ്വന്തം പേരില്‍ ഭൂമിയും റിസോര്‍ട്ടും വാങ്ങുകയായിരുന്നുവെന്ന് വ്യക്തം.

വസ്തു മൂന്നര കോടിക്ക് വാങ്ങിയെന്നാണ് തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത്. അങ്ങനെയെങ്കിൽ ബാക്കി വരുന്ന ഒന്നര കോടിയിലധികം രൂപ എങ്ങനെയാണ് കൈമാറിയതെന്ന് കുഴൽനാടൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന ഗുരുതര കുറ്റവും കുഴൽനാടൻ ചെയ്തു. ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിക്കാൻ കുഴൽനാടൻ തയ്യാറാകാത്തതും സംശയം ബലപ്പെടുത്തുന്നു. തന്റെ വരുമാന സ്രോതസ് ലോ ഫേമിൽ നിന്നാണെന്ന് പറയുമ്പോഴും ചിന്നക്കനാലിലെ ഭൂമി ഇടപാടിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ് വ്യക്തമാക്കിയിട്ടുമില്ല.