കുഴൽനാടൻ വാങ്ങിയത് കുന്നിടിച്ച് നിരത്തിയ ആഡംബര റിസോർട്ട്; തെളിവുകൾ പുറത്ത്

0
185

ചിന്നക്കനാലിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയത് കുന്നിടിച്ച് നിരത്തിയ ആഡംബര റിസോർട്ട്. പാപ്പാത്തിച്ചോല ഷൺമുഖവിലാസം സർവേ നമ്പർ 34/1 ലെ 57 സെന്റ്‌ കുഴൽനാടൻ ഉൾപ്പെടെ മൂന്ന്‌ പേരുടെ പേരിലാണ്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. പരിസ്ഥിതി പ്രധാനമായ കുന്നിൻചരിവ്‌ ഇടിച്ചുനികത്തി നിർമിച്ച ആഡംബര കെട്ടിടമാണ്‌ കുഴൽനാടൻ വാങ്ങിയത്‌. ഉയർന്ന പ്രദേശത്തുനിന്നുള്ള വിദൂര–താഴ്‌വാര കാഴ്‌ചകൾ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നതിനാൽ വൻതോതിൽ പണം സമ്പാദിച്ചുകൂട്ടാമെന്ന കച്ചവടക്കണ്ണോടെയാണ് കുഴൽനാടനും സംഘവും ഈ റിസോർട്ട് വാങ്ങിയത്.

വൈറ്റ് മണി മാത്രം വാങ്ങാൻ തയ്യാറുള്ള വിൽപ്പനക്കാരനായത് കൊണ്ടാണ് ചുളുവിലയ്ക്ക് ഭൂമി വാങ്ങിയതെന്ന് അവകാശപ്പെടുന്ന കുഴൽനാടൻ പക്ഷേ, താൻ വാങ്ങിയ റിസോർട്ട് കുന്നിൻചരിവ്‌ ഇടിച്ചുനികത്തി നിർമിച്ചതാണെന്ന വസ്തുത മറച്ചുവെച്ചു. ലാൻഡ്‌ അസൈൻമെന്റ്‌ ആക്ടുപ്രകാരം ഈ മേഖലയിലെ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ പാടില്ലെന്നത്‌ കുഴൽനാടൻ അംഗീകരിച്ചു. എന്നാൽ, തന്റെ ഭൂമിയിലെ മുഴുവൻ കെട്ടിടവും അംഗീകാരമുള്ളതും ഗസ്റ്റ്‌ ഹൗസ്‌ ഉപയോഗത്തിനുള്ളതുമാണെന്നത്‌ മനസിലാക്കിയാണ് വാങ്ങിയതെന്നും കുഴൽനാടൻ പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യം വസ്തുതകൾക്ക് നിരക്കുന്നതല്ല.

ചിന്നക്കനാൽ പാപ്പാത്തിച്ചോല ഷൺമുഖവിലാസത്ത്‌ വിവിധ പ്ലോട്ടുകളിലായി 57 സെന്റിലുള്ള ആഡംബര റിസോർട്ടാണ്‌ മാത്യു കുഴൽനാടനും ബിനാമികൾക്കുമായുള്ളത്‌. അതിലൊന്നായ 2000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്‌ എൻഒസിക്കായി സ്വാധീനിച്ചുവരുന്നത്‌. വളരെ പഴക്കമുള്ള അനധികൃത കെട്ടിടമായതിനാൽ ഇതേവരെ അനുമതി നൽകിയിട്ടുമില്ല. 15 വർഷം പഴക്കമുള്ള കെട്ടിടസമുച്ചയം ആവശ്യമായ നിയമസാധുതയില്ലാതെയാണ്‌ കെട്ടി ഉയർത്തിയത്‌.

ഒരു കെട്ടിടത്തിന്‌ എൻഒസിക്കായി (നിരാക്ഷേപ പത്രം) 2023 മാർച്ച്‌ 24നാണ്‌ കുഴൽനാടൻ ഉടുമ്പൻചോല തഹസിൽദാർക്ക്‌ അപേക്ഷ നൽകുന്നത്. ഈ അപേക്ഷ തഹസിൽദാർ കലക്ടറേറ്റിലേക്ക്‌ അയച്ചു. പ്രഥമദൃഷ്ട്യാ അനധികൃതമാണെന്ന്‌ ബോധ്യപ്പെട്ടതിനാൽ എൻഒസി നൽകിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ കോടികൾ മൂല്യം വരുന്ന ഭൂമി വില കുറച്ചുകാട്ടി ആധാരംചെയ്‌തത്‌. സമയബന്ധിതമായി പോക്കുവരവ്‌ ചെയ്യാനായില്ല. ഏറെ നൂലാമാലകളും നിയമക്കുരുക്കുകളും ഉണ്ടായിരുന്നതിനാൽ മൂന്നുവർഷത്തിനുശേഷമാണ്‌ രണ്ട്‌ കെട്ടിടസമുച്ചയത്തിന്‌ പോക്കുവരവ്‌ തരപ്പെടുത്തിയത്‌. ഇതാണ് വസ്തുത എന്നിരിക്കെയാണ് തന്റെ ഭൂമിയിലെ മുഴുവൻ കെട്ടിടവും അംഗീകാരമുള്ളതും ഗസ്റ്റ്‌ ഹൗസ്‌ ഉപയോഗത്തിനുള്ളതെന്നും കുഴൽനാടൻ അവകാശപ്പെടുന്നത്.

6000 ചതുരശ്ര അടി വിസ്‌തീർണമുള്ള റിസോർട്ടാണ് ഇവിടെ കുന്നിടിച്ച് നിരത്തി നിർമിച്ചിട്ടുള്ളത്. കുഴൽനാടൻ വാങ്ങിയശേഷം ഈ ‘അൽഫോൻസ്‌ കപ്പിത്താൻസ്‌’ എന്ന പേര്‌ അടുത്തിടെ ‘എറ്റേണോ കപ്പിത്താൻസ്‌ ഡേൽ’ എന്നാക്കിമാറ്റി. നിലവിൽ റിസോർട്ട്‌ പ്രവർത്തിക്കുന്നുണ്ട്‌. എല്ലാ സൗകര്യങ്ങളുമുള്ള മുറിയൊന്നിന്‌ ദിവസ വാടക ശരാശരി അയ്യായിരത്തിലധികമാണ്‌.