കുഴൽനാടൻ ഭൂപതിവ് ചട്ടവും ലംഘിച്ചു; പാർപ്പിടാവശ്യത്തിന് അനുമതി നല്‍കിയ കെട്ടിടം റിസോർട്ടാക്കി മാറ്റി

0
188

പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ ബിനാമി ഇടപാടിലൂടെ ആഡംബര റിസോർട്ട് വാങ്ങിയ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടവും ലംഘിച്ചു. പാർപ്പിടാവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പാർപ്പിട ആവശ്യത്തിനായി നിർമിച്ച രണ്ട കെട്ടിടങ്ങളാണ് റിസോർട്ടിൻ്റെ ഭാഗമാക്കിയത്.

4000 ചതുരശ്ര അടിയുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോർട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങൾ പാർപ്പിട ആവശ്യത്തിനും നിർമിച്ചതെന്നാണ് രേഖകളിലുള്ളത്. രണ്ട് പേർക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എൻഒസി നൽകിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ ഉൾപ്പെട്ട സംഘത്തിൻ്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1964-ലെ ഭൂപതിവ് ചട്ടപ്രകാരം എല്‍ എ പട്ടയമാണെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ എ പട്ടയം ലഭിച്ച ഭൂമിയില്‍ വീട് നിർമിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പാർപ്പിട നിർമാണത്തിനുള്ള എൻഒസി മറയാക്കിയാണ് കുഴൽനാടൻ റിസോർട്ട് നിർമിച്ചതും. താന്‍ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്നും കെട്ടിടം പാര്‍പ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും കുഴൽനാടൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

വീട് വയ്ക്കാൻ എൻഒസി വാങ്ങിയ കെട്ടിടം റിസോർട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവും മാത്യു കുഴൽനാടൻ നടത്തിയിട്ടുണ്ട്. 2014 നു ശേഷം ചിന്നക്കനാൽ ഉൾപ്പെടെയുള്ള എട്ടു വില്ലേജുകളിൽ റവന്യൂ വകുപ്പിൻ്റെ എൻഒസി വാങ്ങിയ ശേഷമേ കെട്ടിടം നിർമിക്കാനാകു. പട്ടയത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോൾ എൻഒസി നൽകുന്നത്. എംഎൽഎ പദവി ദുരുപയോഗം ചെയ്താണ് മാത്യുകുഴൽ നാടൻ ഇത്തരത്തിൽ ഗുരുതരമായ ക്രമക്കേട് നടത്തിയത്.

ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയും കുഴൽനാടൻ തട്ടിപ്പ് നടത്തിയിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരതാമസക്കാരനാണെന്ന തെറ്റായ വിവരവും നൽകി. വീട്‌ നിർമാണത്തിന്‌ അനുമതി വാങ്ങി നിലവിലെ കെട്ടിടത്തിന്‌ പഞ്ചായത്ത്‌ നമ്പർ നേടുകയായിരുന്നു ലക്ഷ്യം.

സർവേ നമ്പർ 34/1-12-2ൽ അമ്പത്തിനാലര സെന്റിലാണ്‌ വീടിന്‌ അനുമതി തേടിയത്‌. ഇതിനായി നിരാക്ഷേപ പത്രം (എൻഒസി) ആവശ്യപ്പെട്ട്‌ ഏപ്രിൽ ഒന്നിന്ന്‌ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകി. ഇവിടെ കെട്ടിടമുള്ള വിവരം മറച്ചുവച്ചുകൊണ്ടാണ് നിർമ്മാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ഉള്ളതിനാൽ ആധാരം രജിസ്ട്രേഷൻ നടക്കില്ല എന്നത് മുൻകൂട്ടി കണ്ടാണ് ഇക്കാര്യം മറച്ചുവെച്ചത്.