അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തുടർപരിശോധന തുടങ്ങി

0
148

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

ഭാര്യ സൂഫിയ മഅ്ദനി, മകൻ അഡ്വ. സലാഹുദീൻ അയ്യൂബി, മരുമകനും പിഡിപി സംസ്ഥാന സെക്രട്ടറിയുമായ റജീബ് എന്നിവരാണ് ആശുപത്രിയിൽ കൂടെയുള്ളത്. മഅ്ദനിയുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. ആശുപത്രിയില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി.

ബംഗളൂരു സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട മഅ്ദനി കഴിഞ്ഞ മാസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനിക്ക് തിരിച്ചുവരാൻ കഴിഞ്ഞത്. ജൂലൈ 20 ന് തിരിച്ചെത്തിയ അദ്ദേഹം കൊല്ലം അൻവാറശേരിയിലായിരുന്നു ഉണ്ടായിരുന്നത്.