പുതുപ്പള്ളി; എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
105

പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്. എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവര്‍ രാവിലെ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ടശേഷമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തി ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

വെെകിട്ട് 4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുന്നണി നേതാക്കളായ ജോസ് കെ മാണി എംപി, ബിനോയ് വിശ്വം എംപി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ സി ജോസഫ്, മാത്യു ടി തോമസ് എംഎൽഎ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ ബി പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.

17, 18 തീയതികളിൽ നിയോജകമണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളിലായി 21 മേഖലാ യോഗങ്ങൾ ചേരും. 22ന് വനിത അസംബ്ലിയും 23, 24 തീയതികളിലായി 21 കേന്ദ്രങ്ങളിൽ വികസന സന്ദേശ സമ്മേളനവും നടക്കും. 24, 25 , 26 സെപ്തംബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൊതുപര്യടനം നടത്തും.