യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായിട്ടാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നത്.
പുതിയ പാമ്പൻ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും.
ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഓടിക്കുക സാധ്യമല്ലെന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് രാമേശ്വരത്തേക്ക് റെയില്‍വെ സര്‍വീസ് നടത്താതിരുന്നത്. ഒറ്റ റേക്ക് ഉപയോഗിക്കുമ്പോൾ കോച്ചുകൾ വൃത്തിയാക്കാൻ ആവശ്യമായ സമയം രാമേശ്വരത്ത് കിട്ടില്ലെന്നായിരുന്നു മുന്നോട്ട് വച്ചിരുന്ന കാരണം.
എന്നാല്‍ ദക്ഷിണ റെയിൽവെ മുൻ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ (സിപിടിഎം) ടി.ശിവകുമാറാണ് വിഷയത്തിന് പോംവഴി കണ്ടെത്തുന്നത്. ചെന്നൈ–രാമേശ്വരം ബോട്ട് മെയിൽ എക്സ്പ്രസിന്‍റെ റേക്കുമായി ബന്ധിപ്പിച്ച് അമൃത രാമേശ്വരത്തേക്കു നീട്ടാൻ സാധിക്കുമെന്നു കാണിച്ച് അദ്ദേഹം 2022ൽ കത്തു നൽകി. രാമേശ്വരത്ത് ഉച്ചയ്ക്ക് എത്തുന്ന അമൃത എക്സ്പ്രസിന്‍റെ കോച്ചുകൾ വൈകിട്ട് രാമേശ്വരം–ചെന്നൈ സർവീസിന് ഉപയോഗിക്കുകയും ചെന്നൈയിൽ നിന്നു രാവിലെ രാമേശ്വരത്ത് എത്തുന്ന ട്രെയിന്‍റെ കോച്ചുകൾ ഉച്ചയ്ക്ക് അമൃത എക്സ്പ്രസായി തിരുവനന്തപുരത്തേക്ക് വിടാമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. ടി.ശിവകുമാറിന്‍റെ ആശയം ബോര്‍ഡ് അംഗീകരിച്ചെങ്കിലും ഉത്തരവ് ഏറെ വൈകി ഇപ്പോഴാണ് വരുന്നത്.
തിരുവനന്തപുരത്തു നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.40ന് അമൃത രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ രാമേശ്വരത്തുനിന്ന് ഉച്ചയ്ക്കു ഒരു മണിക്ക് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിലുള്ള സമയക്രമത്തിൽ കാര്യമായ മാറ്റമില്ല