നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഇനിമുതൽ പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎൽ) എന്ന് അറിയപ്പെടും. 77-ാം സ്വാതന്ത്ര്യദിനമായി ഇന്നലെ മ്യൂസിയത്തിന്റെ പേര് പുനർനാമകരണം ചെയ്‌തതായി മ്യൂസിയം ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര അറിയിച്ചു.
നേരത്തെ എൻ എം എം എൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേര് മാറ്റാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ ചെയർമാൻ. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.
നെഹ്റു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന തീൻമൂർത്തി ഭവൻ അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് രാജ്യത്തിന് സമർപ്പിച്ചത്. 1948 ഓഗസ്റ്റ് മുതൽ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിലാണ് ഇതു പുനർനിർമിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്‌തത്.