ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടൻ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു

0
144

ചിന്നക്കനാലിലെ ഭൂമി ഇടപാടിലൂടെ മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയത് കള്ളപ്പണം വെളുപ്പിക്കലും. ഭൂമി തട്ടിപ്പിനും നികുതി വെട്ടിപ്പിനും പുറമെയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട 2021 മാർച്ച്‌ 18ലെ കരാർപ്രകാരം ഉടമയായിരുന്ന കൊല്ലം ശക്തികുളങ്ങര മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൺസിന്‌ 1,92,60,000 രൂപ മാത്യു കുഴൽനാടൻ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് കൈമാറി. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ വസ്‌തുവിന് മൂന്നരക്കോടി രൂപ മൂല്യമുണ്ടെന്നാണ് കുഴൽനാടൻ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

മാത്യു കുഴൽനാടൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതകളെന്നാണ് പുറത്തുവരുന്നത്. ആഡംബര റിസോർട്ട് കെട്ടിടം അടക്കം ഭൂമിയുടെ കച്ചവടത്തിന്‌ ഏഴുകോടി രൂപ വില നിശ്ചയിച്ചു. ഇതിൽ കുഴൽനാടന്റെ 50 ശതമാനം ഷെയറായ മൂന്നരക്കോടി രൂപ അദ്ദേഹം സത്യവാങ്‌മൂലത്തിൽ കാണിച്ചു. ‘ഡീലിന്റെ’ ഭാഗമായിരുന്ന മറ്റു രണ്ടുപേരുടെ 25 ശതമാനം വീതം പങ്കായിരുന്നു ബാക്കിയുള്ള മൂന്നരക്കോടി രൂപ. എന്നാൽ, ആധാരം രജിസ്‌ട്രേഷനും നികുതി ഒടുക്കൽ നടപടിക്കും കാട്ടിയത്‌ 1,92,60,000 രൂപയുടെ കച്ചവടമെന്നാണ്‌. ഈ തുക കുഴൽനാടൻ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് കൈമാറി. ബാക്കി തുക, അതായത് ഒരു കോടി 57 ലക്ഷം രൂപ കള്ളപ്പണമായി നൽകി.

‘ഡീലിൽ’ പങ്കാളികളായ മറ്റു രണ്ടുപേർ എങ്ങനെയാണ് തുക കൈമാറിയതെന്ന വിവരവും കുഴൽനാടൻ വ്യക്തമാക്കിയിട്ടില്ല. തന്റെ പങ്കായ മൂന്നരക്കോടിയിൽ ബാക്കി ഒന്നരക്കോടിയിലേറെ രൂപ കള്ളപ്പണമായി കൈമാറിയെന്നാണ് ആരോപണം. ഇതുവഴി കുഴൽനാടൻ ബോധപൂർവം നികുതി വെട്ടിച്ചു എന്ന് മാത്രമല്ല, കോടികളുടെ കള്ളപ്പണ ഇടപാടും നടത്തിയെന്നും വ്യക്തമാക്കുകയാണ്.

അതിനിടെ, കെട്ടിടനിർമാണത്തിന് അനുമതി തേടി ദേവികുളം തഹസിൽദാർക്ക് നൽകിയ അപേക്ഷയിൽ മാത്യു കുഴൽനാടൻ ഇട്ടത്‌ വ്യാജ ഒപ്പാണെന്ന്‌ സംശയം. അപേക്ഷയിലെ ഒപ്പും കുഴൽനാടൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ ഒപ്പും വ്യത്യസ്തമാണ്. അപേക്ഷ പുറത്തായാൽ തടിയൂരാനാണ് ഇതെന്നാണ്‌ ആക്ഷേപം.

കഴിഞ്ഞ ദിവസമാണ് നികുതി വെട്ടിച്ചും തട്ടിപ്പിലൂടെയും മൂന്നാര്‍ ചിന്നക്കനാലില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും മാത്യു കുഴൽനാടൻ എംഎൽഎ സ്വന്തമാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നത്. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌. ഇടപാടുകളെല്ലാം ബിനാമി വഴിയും നികുതി വെട്ടിച്ചുമാണെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു.