കൊമ്പൻ ധോണിയുടെ വലത്‌ കണ്ണിന്റെ ശസ്‌ത്രക്രിയ 17ന്‌

0
126

വനംവകുപ്പ്‌ പിടികൂടിയ കൊമ്പൻ ധോണിയുടെ വലത്‌ കണ്ണിന്റെ ശസ്‌ത്രക്രിയ 17ന്‌ നടന്നേക്കും. കൂട്ടിലടച്ച് സംരക്ഷിക്കുന്ന ആനയുടെ ആരോഗ്യ പരിശോധന വനംവകുപ്പ്‌ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം വട്ടവും പൂർത്തിയാക്കി. തുടർചികിത്സക്കുള്ള ആരോഗ്യം ഉണ്ടെന്ന്‌ ഡോക്‌ടർമാർ വിലയിരുത്തി. ശസ്‌ത്രക്രിയയ്‌ക്കായി പാലക്കാട് ഡിഎഫ്ഒയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘത്തെയും ചുമതലപ്പെടുത്തി. ആർആർടി സംഘവും പരിചരണത്തിനുണ്ട്.

ആനയെ പിടികൂടുമ്പോൾ വലതു കണ്ണിന് കാഴ്‌ചക്കുറവുണ്ടായിരുന്നു. എയർഗൺ പെല്ലറ്റുകൾ കണ്ണിൽ പതിച്ചതിനാൽ കാഴ്‌ച നഷ്‌ടപ്പെട്ടതാണോ അതോ വനത്തിൽവച്ച് പരുക്കേറ്റതാണോ എന്നതാണ് സംശയം. കൂട്ടിലടച്ചതിന്റെ അടുത്തദിവസം മുതൽ കാഴ്‌ച മങ്ങൽ മാറാൻ മരുന്ന് നൽകിയിരുന്നു. ഇത് പൂർണമായും ഫലിച്ചില്ല. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 18 വയസ്സുണ്ട്‌ ആനക്ക്‌. ജനുവരി 22നാണ് മയക്കു വെടിവച്ച് ധോണിയെ കൂട്ടിലാക്കിയത്.

ബത്തേരിയിലെ പിഎംടു ഉൾപ്പെടെയുള്ള ആനകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി ചുമതലപ്പെടുത്തിയ വിദഗ്ധസമിതി ധോണിയുടെ ആരോഗ്യ സ്ഥിതിയും പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടും കോടതിയിൽ നൽകി. ആനക്ക്‌ മികച്ച പരിചരണമാണ് നൽകുന്നതെന്നും കുങ്കിയാക്കാനുള്ള തീരുമാനമില്ലെന്നും വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.