ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ലിഫ്റ്റിൽ വെച്ച് നായ ആക്രമിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു

0
208

ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ലിഫ്റ്റിൽ വെച്ച് നായ ആക്രമിച്ചു. ഇരുവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമിലെ സെക്ടർ 50ലുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ യുനിടെക് ഫ്രെസ്കോ അപ്പാർട്‌മെന്റിലാണ് സംഭവം. സെക്ടർ 50 പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. വളർത്ത് നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരൻ ജസ്‍വിന്ദർ സിങാണ് പരാതി നൽകിയത്. രാത്രി 11 മണിയോടെ ഏഴാം നിലയിൽ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റിൽ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു.

ലിഫ്റ്റ് അഞ്ചാം നിലയിൽ നിർത്തിയെങ്കിലും ആരും അകത്തേക്ക് കയറിയില്ല. ഈ സമയം കുട്ടി കരയാൻ തുടങ്ങി. ഇതോടെ ഒരു വളർത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. താനും സൊമാറ്റോ ഡെലിവറി ജീവനക്കാരനും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് പേർക്കും സാരമായി പരുക്കേറ്റു. നായയുടെ ഉടമസ്ഥനായ വൃദ്ധി ലൂംബ എന്നയാളാണ് സംഭവത്തിന് ഉത്തരവാദിയെത്തും ഇയാൾ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

നായയുടെ ഉടമസ്ഥൻ പിന്നീട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.എന്നാൽ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 289-ാം വകുപ്പ് പ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.