കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബുധനാഴ്ച പകൽ മൂന്നേ മുക്കാലോടെയാണ് തലശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറ്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടി. സംഭവത്തെതുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തി. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര.
തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.
കണ്ണൂര്‍ വളപട്ടണത്ത് വച്ച് നേരത്തേയും വന്ദേഭാരത് ട്രെനിനുനേരെ കല്ലേറുണ്ടായിരുന്നു. ജനല്‍ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസർകോട്ട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കഴിഞ്ഞ തവണയും കല്ലേറുണ്ടായത്. വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന തുടർച്ചയായ കല്ലേറുകൾ വർധിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ തുടരെ കല്ലേറുണ്ടാവുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കണ്ണൂരും കാസർകോട്ടും ട്രെയിനുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ഞായറാഴ്ച ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞിരുന്നു. തിരുവനന്തപുരം- നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.