കള്ളപ്പണം വെളുപ്പിക്കലിന് പിന്നാലെ റിസോർട്ടിന്റെ നമ്പരിനായും കുഴൽനാടന്റെ വഴിവിട്ട കളി

0
107

പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ അനധികൃതമായി നിർമിച്ച റിസോർട്ടിന്റെ നിയമസാധുതയ്‌ക്കായും മാത്യു കുഴൽനാടൻ എംഎൽഎ വഴിവിട്ട്‌ ശ്രമിച്ചു. ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയായിരുന്നു തട്ടിപ്പ്‌.

ഇതിനായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരതാമസക്കാരനാണെന്ന തെറ്റായ വിവരവും നൽകി. വീട്‌ നിർമാണത്തിന്‌ അനുമതി വാങ്ങി നിലവിലെ കെട്ടിടത്തിന്‌ പഞ്ചായത്ത്‌ നമ്പർ നേടുകയായിരുന്നു ലക്ഷ്യം. സർവേ നമ്പർ 34/1-12-2ൽ അമ്പത്തിനാലര സെന്റിലാണ്‌ വീടിന്‌ അനുമതി തേടിയത്‌. ഇതിനായി നിരാക്ഷേപ പത്രം (എൻഒസി) ആവശ്യപ്പെട്ട്‌ ഏപ്രിൽ ഒന്നിന്ന്‌ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകി.

ഇവിടെ കെട്ടിടമുള്ള വിവരം മറച്ചുവച്ചുകൊണ്ടാണ് നിർമ്മാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയത്. അനധികൃതമായി നിർമ്മിച്ച കെട്ടിടം ഉള്ളതിനാൽ ആധാരം രജിസ്ട്രേഷൻ നടക്കില്ല എന്നത് മുൻകൂട്ടി കണ്ടാണ് ഇക്കാര്യം മറച്ചുവെച്ചത്. വസ്‌തുവും ആഡംബര കെട്ടിടവും രജിസ്റ്റർ ചെയ്‌ത ബിനാമികളായ ടോണി സാബു, ടോം സാബു എന്നിവരും അപേക്ഷയിൽ പേരുകാരാണ്‌. കുഴൽനാടനാണ് ഒന്നാം പേരുകാരൻ. സ്ഥലപരിശോധന നടത്തിയ ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ പോൾ ഭൂമിയിൽ പത്തുവർഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടമുണ്ടെന്ന് റിപ്പോർട്ട്‌ നൽകി.

എന്നാൽ, നിരാക്ഷേപ പത്രം നൽകാമെന്നും ശുപാർശ ചെയ്‌തു. ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നിയമ നടപടി സ്വീകരിക്കാതെ കുഴൽനാടനെ സഹായിച്ചതായും ആരോപണമുണ്ട്‌. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരെ എംഎൽഎ പദവി ദുരുപയോഗം ചെയ്ത് സ്വാധീനിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്‌.

അതേസമയം, മുന്നിലുള്ള കെട്ടിടം കാണിച്ചായിരുന്നു അതേ സർവേ നമ്പറിലെ വസ്തുക്കളുടെ ആധാരം നടത്തിയത്. ഇതുവഴി ഗുരുതരമായ വെട്ടിപ്പാണ്‌ മാത്യു കുഴൽനാടൻ നടത്തിയത്.