ക്ലാസ് എടുക്കുന്നതിനിടയിൽ വിദ്യാർഥികൾ തന്റെ കാഴ്‌ചപരിമിതിയെ ചില വിദ്യാർഥികൾ ചൂഷണം ചെയ്‌തതിൽ വിഷമമുണ്ടെന്ന് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. സി യു പ്രിയേഷ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്, അതിനെയാണല്ലോ അവർ ചൂഷണം ചെയ്തത് എന്നതിൽ കടുത്ത വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ്. ഒരു മണിക്കൂർ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂർ കമ്പ്യൂട്ടറിൽ വായിച്ച് കേട്ട് തയ്യാറെടുക്കണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമമുണ്ടാക്കി. അവമതിക്കുന്ന രീതിയിൽ കുട്ടികൾ പെരുമാറിയപ്പോൾ സ്വാഭാവികമായിട്ടും വേദനയുണ്ടായി. ഞാനൊരു വ്യക്തി മാത്രമല്ലല്ലോ. ഞാനൊരു സാമൂഹ്യജീവി കൂടിയല്ലേ? നമുക്ക് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. സംഭവം നിർഭാഗ്യകരമാണ്. കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവർക്കേ മനസിലാകുകയുള്ളു.
ക്‌ളാസെടുക്കുമ്പോൾ വിദ്യാർഥികൾ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും താൻ അറിഞ്ഞിരുന്നില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നു. അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് മോശം കമന്റുകൾ, അതും വളരെ നെഗറ്റീവായ കമന്റുകൾ വരുന്നു. ഇതെല്ലാം ഏറെ വിഷമിപ്പിച്ചു. യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയയാളാണ് താൻ. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ഇതൊക്കെ നേടുന്നതിനിടിയിലും ചൂഷണം ചെയ്യപ്പെടുമ്പോൾ വേദനിക്കും. അതാണ് സംഭവത്തിൽ പരാതി നൽകാൻ കാരണം.
സോഷ്യൽ മീഡിയയിൽ അവഹേളിക്കപ്പെടുന്നത് ആദ്യത്തെ അനുഭവമാണ്. സംഭവം ഓർഗനൈസ്ഡാണെന്ന് പറയാനുള്ള തെളിവ് തന്റെ പക്കലില്ല. അധ്യാപകർ വീഡിയോ ചെക്ക് ചെയ്ത് പേരെഴുതിക്കൊടുക്കുമ്പോഴാണ് ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്. പരാതി ഏതെങ്കിലുമൊരു വിദ്യാർഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നൽകിയത്. പരാതി കോളേജിനുള്ളിൽ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാർഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താൻ വേണ്ടിയാണ്. അല്ലാതെ ശത്രുത തീർക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച പരിമിതിയുള്ള മറ്റ് അധ്യാപകർക്ക് ഈ അനുഭവമുണ്ടാകരുത്. ഇനി വിദ്യാർഥികൾ ഈ തെറ്റ് ആവർത്തിക്കരുത്.
തൽക്കാലം അവരെ സസ്‌പൻഡ് ചെയ്‌തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുൾപ്പെട്ട കുട്ടികളെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം’- പ്രിയേഷ് പ്രതികരിച്ചു. ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം 2016ൽ പ്രിയേഷ് നേടിയിരുന്നു. 13 വർഷമായി പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്.
ഡോ. സി യു പ്രിയേഷിനെയാണ് ക്‌ളാസെടുത്തുകൊണ്ടിരിക്കെ ഒരു വിഭാഗം വിദ്യാർഥികൾ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‍തത്. സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസിൽ, എൻ ആർ പ്രിയത, ഫാത്തിമ നഫ്‌ലം, എം ആദിത്യ, നന്ദന സാഗർ, വി രാഗേഷ് എന്നിവരെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.