മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല

0
96

മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പ്രതികൾ പരോളിലിറങ്ങി അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നുവെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് നടപടി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് അവസാനിക്കുംവരെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇത്തരക്കാര്‍ക്കും സാധാരണ അവധിയും അടിയന്തര അവധിയും അനുവദിച്ചുതുടങ്ങിയത്.