കാസർകോട്ട് ദേശീയ പതാക ഉയർത്തുന്നതിനിടെ ലീഗുകാർ തമ്മിലടിച്ചു; ചരട് ആര് പിടിക്കുമെന്നതായിരുന്നു തർക്കവിഷയം

0
147

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസർകോട് വിദ്യാനഗർ എരുതുംകടവ്‌ സിറാജുൽ ഉലൂം മദ്രസ അങ്കണത്തിൽ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ മുസ്ലിംലീഗുകാർ തമ്മിലടിച്ചു. എരുതുംകടവ് ജമാഅത്ത് പള്ളിയിലായിരുന്നു സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മുൻ ജമാഅത്തംഗം മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ജലീലും ചേർന്ന് മദ്രസാമുറ്റത്ത്‌ ദേശീയപതാക ഉയരുന്നതിനിടെയാണ്‌ കൈയേറ്റമുണ്ടായത്‌.

വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിലായിരുന്നു കയ്യാങ്കളി. പരസ്‌പരം ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ണ്ടുവർഷമായി ഇവിടത്തെ ജമാഅത്തിലും മുസ്ലീംലീഗിലും അധികാര തർക്കം നിലനിൽക്കുകയാണ്‌. ഇതിനിടയിലാണ്‌ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങ്‌ നടന്നതും അടിപിടിയിൽ കലാശിച്ചതും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന തീരുമാനത്തിലാണ് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

എന്നാല്‍ ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതാണ് പിടിവലിയില്‍ സമാപിച്ചത്. ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ലെന്ന് പള്ളി കമ്മിറ്റി പറയുന്നു. ദേശീയപതാകയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതോടെയാണ് വിഷയം വിവാദമായത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.