സാംസ്കാരിക മന്ത്രാലയത്തിന്റെ ‘ജൽ യാത്ര’ക്ക് തിരുവനന്തപുരത്ത് സ്വീകരണം; അതുൽ നറുകരയുടെ സംഗീത പരിപാടി സംഘടിപ്പിച്ചു

0
86

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ ‘ജൽ യാത്ര’ക്ക് തലസ്ഥാനത്ത് സ്വീകരണം നൽകി. പ്രശസ്ത ഗായകൻ അതുൽ നറുകരയുടെ സംഗീതപരിപാടിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സ്വീകരിക്കപ്പെട്ടത്. ഭാരതത്തിലെ നദികളുടെ ചരിത്രവും അവയുടെ പ്രാധാന്യവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് യാത്ര നടത്തുന്നത്. സാംസ്‌കാരിക മന്ത്രാലയവും ബിഗ് എഫ്എമ്മും സംയുക്തമായാണ് ജലയാത്ര സംഘടിപ്പിക്കുന്നത്. 12 ആഴ്ച നീളുന്ന ജൽ യാത്ര കാമ്പയിൻ മെയ് മാസത്തിലാണ് ആരംഭിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും ഇന്ത്യയിലെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കാനും സ്മരിക്കാനുമായുള്ള ഭാരത സർക്കാരിന്റെ ഒരു സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. നദികളുടെ സത്തയുമായി ബന്ധപ്പെടാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നേടാൻ അതുല്യമായ അവസരം നൽകുന്നതാണ് ജൽ യാത്ര സംരംഭം. ജനങ്ങളുടെ ഇടയിൽ അവബോധം വളർത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പ്രശസ്ത ഗായകൻ അതുൽ നറുകരയുടെ മെഗാ സംഗീത പരിപാടി അരങ്ങേറി. കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി, കുമാരിയിലെ പട്ടുടുത്ത് വന്നതും തുടങ്ങിയ ഗാനങ്ങളുടെ ഹൃദ്യമായ അവതരണത്തിലൂടെ അതുൽ സദസ്സിനെ ഇളക്കിമറിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമാകാൻ നിരവധി ആളുകൾ ഒത്തുകൂടി.

ഏറെ പ്രത്യേകതകളുള്ള ജൽ യാത്ര കാമ്പെയ്‌നിനായി സാംസ്‌കാരിക മന്ത്രാലയവുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ബിഗ് എഫ്എം സിഒഒ സുനിൽ കുമാരൻ പറഞ്ഞു. ജലത്തിന്റെ അതീവപ്രാധാന്യത്തെക്കുറിച്ച് ശ്രോതാക്കളുമായി സംവദിക്കാനും ബോധവത്കരിക്കാനുമുള്ള അപൂർവ്വ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൽ ശക്തി മന്ത്രാലയത്തിന്റെ പിന്തുണയോടെ 58 നഗരങ്ങളിൽ ഉടനീളം ജൽ യാത്ര ക്യാമ്പയിനിലൂടെ ഇന്ത്യയിലെ നദികളുടെ സമ്പന്നമായ സംസ്കാരം ആഘോഷിക്കും. സൂറത്ത്, ഗുവാഹത്തി, വാരണാസി എന്നിവിടങ്ങളിൽ ഇതിനോടകം സംഘടിപ്പിച്ച സംഗീത പരിപാടികളിൽ ഈ ക്യാമ്പയിനിന്റെ പ്രചാരണത്തിന് പിന്തുണയുമായി ധാരാളം ആളുകൾ എത്തിയിരുന്നു. ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്കിന്റെ ഓൺ-എയർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ക്യാമ്പയിൻ വിപുലമായി പ്രമോട്ട് ചെയ്യുന്നുണ്ട്. ഒപ്പം വ്യാപകമായ ഓൺ-ഗ്രൗണ്ട് പ്രചരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.