ബിഎംഡബ്ല്യു ഐ7, 7സീരീസ് കാറുകള്‍ പുറത്തിറക്കി

0
180

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്‌ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഐ7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ ഐ7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. മികച്ച ബ്രേക്കിങ് സംവിധാനമുള്ള 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ഐ7 ന്റെ മറ്റൊരു പ്രത്യേകത. ബിഎംഡബ്ല്യു പ്രൊട്ടക്ഷന്‍ കോര്‍ എന്നു പേരിട്ടിരിക്കുന്ന പ്രത്യേകം നിര്‍മിച്ച ഉരുക്കു ചട്ടക്കൂടാണ് ഐ7ന് സുരക്ഷ നല്‍കുന്നത്. വാഹനത്തിന്റെ അടിഭാഗത്തും ഈ ചട്ടക്കൂട് സുരക്ഷ നല്‍കുന്നുണ്ട്.

കനമേറിയ ബുള്ളറ്റ് പ്രൂഫ് ചില്ലുകളാണ് വാഹനത്തിലുള്ളത്. ഇന്ധന ടാങ്കിലേക്ക് വെടിയേറ്റാല്‍ സ്വയം പ്രതിരോധം തീര്‍ത്ത് ഇന്ധന ചോര്‍ച്ച തടയുന്ന സെല്‍ഫ് സീലിങ് കേസിങും ഐ7ന്റെ സുരക്ഷാ സൗകര്യങ്ങളിലൊന്നാണ്. ബി.എം.ഡബ്ല്യു ഐ7ന്റെ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 536എച്പികരുത്തും പരമാവധി 745 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും.

ബി.എം.ഡബ്ല്യു 7 സീരീസ് പ്രൊട്ടക്ഷന്‍ വാഹനങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 523എച്പി കരുത്തും പരമാവധി 750 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും.