Wednesday
17 December 2025
26.8 C
Kerala
HomeIndiaതിരുപ്പതിയിൽ ആറ്‌ വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിൽ; തീർത്ഥാടകർക്ക്‌ മുന്നറിയിപ്പ്‌

തിരുപ്പതിയിൽ ആറ്‌ വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിൽ; തീർത്ഥാടകർക്ക്‌ മുന്നറിയിപ്പ്‌

തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കുട്ടി ആക്രമിക്കപ്പെട്ട പ്രദേശത്തിനടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആഗസ്ത് 11ന് വൈകിട്ടായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ അലിപിരി വാക്ക് വേയിൽ വെച്ചാണ് പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കുട്ടിയെ ആദ്യം പുലി കടിച്ചു കൊന്നുവെന്നായിരുന്നു പുറത്ത് വന്നതെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

ഇതേത്തുടർന്നാണ് തിരുപ്പതിയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 15 വയസിനു താഴെയുള്ള കുട്ടികളുമായി എത്തുന്ന തീർത്ഥാടകരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. വൈകിട്ട് ആറ് മണി മുതൽ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കില്ല.

RELATED ARTICLES

Most Popular

Recent Comments