ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, അര്‍ഹരല്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത

0
99

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം-കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കും.13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണവും തിങ്കളാഴ്ച ആരംഭിച്ചു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് 3,200 രൂപ വീതം ലഭിക്കുക. ഇതിനായി 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.