35 ഡിഗ്രി ചൂടില്‍ കര്‍ക്കടകം ; വൻകൃഷിനാശത്തിനും വരള്‍ച്ചയ്ക്കും വഴിയൊരുങ്ങുമെന്ന് വിദഗ്ദ്ധര്‍

0
210

തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിലും കര്‍ക്കടകത്തിലും പ്രവചനങ്ങള്‍ തെറ്റിച്ച്‌ കനത്തചൂട് ഉയര്‍ന്നതിനു പിറകെ തുലാവര്‍ഷത്തിലും മഴ കുറഞ്ഞാല്‍ കടുത്ത വരള്‍ച്ചയ്ക്കും വൻകൃഷിനാശത്തിനും വഴിയൊരുങ്ങുമെന്ന് വിദഗ്ദ്ധര്‍. അതേസമയം, ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍ രക്ഷയാകാറുള്ള ഇന്ത്യൻ ഓഷ്യൻ ഡൈപ്പോള്‍ എന്ന അനുകൂല പ്രതിഭാസമാണ് പ്രതീക്ഷ.

ഇന്ത്യൻ സമുദ്രഭാഗം മറ്റിടങ്ങളേക്കാൾ ചൂടേറി നിൽക്കുന്ന ഈ പ്രതിഭാസത്തിന്റെ ഫലമായി ഇടയ്ക്ക് ന്യൂനമർദങ്ങളും മഴയും എത്തിയേക്കുമെന്നും പറയുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം എത്താനുള്ള സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. പൊതുവേ 30 ഡിഗ്രി സെൽഷ്യസിന് അടുത്താണ് കർക്കടകത്തിലെ താപനില തൃശൂർ അടക്കമുള്ള ജില്ലകളിൽ അനുഭവപ്പെടാറുളളത്. എന്നാൽ എന്നാൽ ഈ വർഷം പെട്ടെന്ന് മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ കേരളത്തിലെ പലയിടങ്ങളിലും താപനില ഉയർന്നു.

ഡാമുകളിലും പുഴകളിലും ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞു. ചാലക്കുടിപ്പുഴയിലും (0.54), പെരിയാറിലും (0.74 സെ.മീ) ജലനിരപ്പ് ഒരു മീറ്ററിലും താഴേക്കുപോയി. പകൽതാപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ചൂടും ബാഷ്പീകരണ തോതും കൂടിയതാണ് ഡാമുകളിലും നദികളിലും ജലനിരപ്പു കുറയാൻ കാരണം. മുൻവർഷത്തെ അപേക്ഷിച്ച് 30 മുതൽ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്. രാജ്യത്ത് അഞ്ച് ശതമാനം അധികം മഴ ലഭിച്ചപ്പോഴാണ് കേരളത്തിൽ കുറഞ്ഞത്. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

പ്രളയാനന്തരം വരൾച്ച?

നീണ്ടുനിൽക്കുന്ന മഴ ഇല്ലാത്തതിനാൽ ജലസംഭരണികളിൽ വലിയ കുറവ് ഈ മൺസൂണിലുണ്ടായി. രണ്ടുവർഷത്തെ പ്രളയങ്ങൾക്കു ശേഷം വരൾച്ചകൊണ്ട് ഇടവപ്പാതിക്കാലത്ത് വറുതിയിലാകുമോ എന്ന ആശങ്കയിലാണ്. മൺസൂണിന്റെ മൊത്തം അവസ്ഥയെപ്പറ്റിയോ തുലാമഴയുടെ ലഭ്യതയെപ്പറ്റിയോ വ്യക്തമായി പറയാനും പ്രവചിക്കാനുമാവുന്നില്ല. എന്തായാലും കുടിവെളളത്തിന്റെ കാര്യത്തിൽ കരുതൽ അനിവാര്യമാണെന്ന അവസ്ഥയിലാണുളളതെന്നും ചൂണ്ടിക്കാണിക്കുന്നു.

ജൂൺ ഒന്നുമുതൽ ആഗസ്റ്റ് ആദ്യം വരെ കേരളത്തിൽ

  • ലഭിക്കേണ്ട മഴ- 148 സെ.മീ.
  • കിട്ടിയത് – 87 സെ.മീ.
  • കുറവ് – 41%.

ഇന്നലത്തെ താപനില:

  • തൃശൂർ: 33 ഡിഗ്രി സെൽഷ്യസ്
  • പുനലൂർ: 35
  • പാലക്കാട്: 34
  • മലപ്പുറം: 33
  • വയനാട്: 29

മഴക്കുറവിന്റെ മറ്റ് സാദ്ധ്യതകൾ:

പസഫിക് സമുദ്രതാപനില കൂടിയതുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ഈ വർഷം മുതൽ പിടിമുറുക്കുന്നു.

ആഗാേളതാപനത്തിന്റെ പ്രതിഫലനം പ്രവചനാതീതമായി ആഗോളകാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു

2015 – 2016 കാലഘട്ടത്തിൽ കടുത്ത വരൾച്ചയുണ്ടായതിനു ശേഷം ഇത്തരമൊരു പ്രതിഭാസം ആദ്യമാണ്. എന്തായാലും തുലാമഴ കുറഞ്ഞാൽ കടുത്ത വരൾച്ച അടക്കം നേരിടേണ്ടി വന്നേക്കും